ചാലക്കുടി അടിപ്പാതയിലൂടെ ഇന്നുമുതൽ ഗതാഗതം ആരംഭിക്കും
text_fieldsചാലക്കുടി: ചാലക്കുടി അടിപ്പാതയിലൂടെ തിങ്കളാഴ്ച മുതൽ ഗതാഗതം ആരംഭിക്കും. ഇതോടെ ചാലക്കുടി നഗരത്തിൽ ശാസ്ത്രീയമായ ഗതാഗത പരിഷ്കാരം എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. നിലവിൽ ചാലക്കുടി നഗരത്തിൽ ഗതാഗതക്കുരുക്ക് ഗുരുതരമാണ്. ഇനി മുതൽ ഇത് ആവർത്തിക്കരുതെന്നാണ് പ്രദേശവാസികൾ ആഗ്രഹിക്കുന്നത്. ചാലക്കുടിയിൽ ഒരു ട്രാഫിക് കമ്മിറ്റി ഉണ്ടെങ്കിലും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാര്യമായി യോഗം ചേരുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
അടിപ്പാത പൂർണമായും തുറക്കുന്നതോടെ ഗതാഗതം ശാസ്ത്രീയമായി നിയന്ത്രിച്ചാൽ ചാലക്കുടിയിലെ ഗതാഗത പ്രതിസന്ധികൾക്ക് പരിഹാരമാകും. സിഗ്നൽ ജങ്ഷനിൽ റയിൽവേ സ്റ്റേഷൻ റോഡ് നിലച്ചു എന്നതാണ് ഏക നഷ്ടം. എന്നാൽ ബൈപ്പാസ് നിർമാണത്തിന്റെ ഫലമായി മൂന്ന് പതിറ്റാണ്ടായി അടഞ്ഞു പോയ പ്രാചീനമായ ട്രാംവെ റോഡ് അതിന് പകരമായി തുറന്നു കിട്ടിയെന്നതാണ് മെച്ചം. ഇവിടെ അനുബന്ധമായ ഒരുപാട് ഗതാഗത സാധ്യതകളുണ്ട്. ട്രങ്ക് റോഡ് ജങ്ഷൻ സ്പർശിക്കാതെ നേരെ കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിലേക്കും നഗരസഭ പാർക്കിലേക്കും എളുപ്പം എത്താം. ഇപ്പോൾ സൗത്ത് മേൽപ്പാലത്തിന് താഴെ പോകുന്ന മാള ബസ്സുകൾക്ക് ഇനി അത്രയേറെ ചുറ്റി വളയേണ്ട. അത് പോലെ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നോർത്ത് ജങ്ഷൻ സ്പർശിക്കാതെ പോട്ടയിലേക്ക് പോകാം. ഇതൊക്കെ നോർത്ത് ജങ്ഷനിലെ കുരുക്കൾക്ക് പരിഹാരമാണ്.
ഞായറാഴ്ച അടിപ്പാതയുടെ അവസാനഘട്ട ടാറിങ് പൂർത്തിയാക്കുകയായിരുന്നു. പണികളുടെ ഭാഗമായി മൂന്ന് ദിവസം ഇവിടെ ഗതാഗതം നിരോധിച്ചതോടെ ചാലക്കുടിയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. സർവിസ് റോഡിന്റെ ഇരുവശത്തെയും കാനകളുടെ നിർമാണം ഈ ഭാഗത്ത് പുരോഗമിച്ചു വരികയാണ്. തിങ്കളാഴ്ച അടിപ്പാത പൂർണമായും തുറന്നുകൊടുക്കുന്നതോടെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. എത്രയും പെട്ടെന്ന് ഇനിയും ബസ്സുകൾ ശരിയായി കയറി തുടങ്ങിയിട്ടില്ലാത്ത നോർത്ത് ബസ് സ്റ്റാൻഡിനെ കൂടി പരിഗണിച്ച് പുതിയ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.