ട്രാംവെ-റെയിൽവേ സ്റ്റേഷൻ ബൈപ്പാസ് റോഡ്; നിർമാണ നടപടികൾ ആരംഭിച്ചു
text_fieldsചാലക്കുടി: ദേശീയ പാതയിൽ അടിപ്പാത നിർമാണം പൂർത്തിയാകുന്നതോടെ ടൗണിൽ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാംവെ റോഡിൽ നിന്ന് ആശാ ഗ്യാസ് വഴി റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നഗരസഭ നിർമിക്കുന്ന ബൈപ്പാസ് റോഡിന്റെ നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികളാരംഭിച്ചു.
ട്രാംവെ റോഡിൽ നിന്നാരംഭിച്ച് ആശാ ഗ്യാസ് ഏജൻസി വരെയുള്ള 230 മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് പുതിയ റോഡ് നിർമിക്കുക. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ഗ്യാസ് ഏജൻസി വരെയുള്ള നിലവിലെ റോഡ് വീതി കൂട്ടി നിർമിക്കും. റോഡ് നിർമാണത്തിന് 12 മീറ്റർ വീതിയിലുള്ള സ്ഥലം സൗജന്യമായി നഗരസഭക്ക് വിട്ട് നൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിരുന്നു.
ട്രാംവെ റോഡിൽ നിന്ന് പൊതുകുളത്തിനോട് ചേർന്ന സ്ഥലത്തിലൂടെയാണ് നേരത്തേ റോഡ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. കുളം പുറമ്പോക്ക് റോഡ് നിർമാണത്തിന് ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയില്ലെന്ന് നഗരസഭ നിലപാട് സ്വീകരിച്ചതോടെയാണ് റോഡിന്റെ അലൈൻമെന്റ് മാറ്റിയത്.
അടിപ്പാത നിർമാണം പൂർത്തിയായാൽ പടിഞ്ഞാറെ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെല്ലാം ആനമല ജങ്ഷനിൽ എത്തുന്നതോടെ വലിയ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകും. ഈ വാഹനങ്ങൾ പഴയ ദേശീയ പാതയിലൂടെ ടൗണിലേക്ക് വരുന്നത് ഗതാഗത കുരുക്ക് വർധിപ്പിക്കും.
ഈ സാഹചര്യത്തിലാണ് ബൈപാസ് റോഡിന്റെ നിർമാണം വേഗത്തിലാക്കാൻ നഗരസഭ തീരുമാനിച്ചതും എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടികൾ ആരംഭിച്ചതും.
ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തോമാസ്, സൂസമ്മ ആന്റണി, ജിജി ജോൺസൻ, എൻജിനീയർ എം.കെ. സുഭാഷ്, വർക്ക് സൂപ്രണ്ടുമാരായ വൽസകുമാർ, കെ.എസ്.ജ്യോതി എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.