ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; പ്രവർത്തനം ആരംഭിക്കാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ
text_fieldsചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് നാളേറെയായിട്ടും ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ പ്രവർത്തനം ആരംഭിച്ചില്ല. ആരോഗ്യ മന്ത്രിയാണ് ഒരു വർഷം മുമ്പ് യൂനിറ്റ് ഉദ്ഘാടനം ചെയ്തത്.
അതിന് ശേഷം നാളുകൾ കഴിഞ്ഞ് ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രി ട്രോമ കെയർ യൂനിറ്റ് ഉടൻ പ്രവർത്തിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത്യാഹിത വിഭാഗം മാറ്റുകയല്ലാതെ ട്രോമ കെയറുമായി ബന്ധപ്പെട്ട ഒരു സൗകര്യവും പ്രവർത്തിപ്പിച്ചിട്ടില്ല. ഇവിടെയെത്തുന്ന അപകടക്കേസുകൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് അയക്കുകയാണ്.
ട്രോമ കെയറിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന് അഞ്ചു നിലകൾക്ക് വേണ്ടിയുള്ള അടിത്തറ ഒരുക്കിയിരുന്നു. എന്നാൽ മൂന്നു നിലകളേ നിർമിച്ചിരുന്നുള്ളു. മൂന്നാമത്തെ നില ഇപ്പോഴും അപൂർണമാണ്. പൂർത്തിയായ രണ്ടു നിലകളിൽ പ്രവർത്തനം ആരംഭിക്കാനായിരുന്നു നിർദേശം. പക്ഷേ, ലിഫ്റ്റ് സംവിധാനവും അഗ്നി സുരക്ഷ സംവിധാനവും ഒരുക്കിയിട്ടില്ല. ഇപ്പോൾ ആറ് ഡോക്ടർമാരാണ് ഉള്ളത്. വേണ്ടത്ര നിയമനങ്ങൾ നടത്തിയിട്ടില്ല.
ഉപകരണങ്ങൾ എല്ലാം എത്തിച്ചിട്ടും ട്രോമ കെയർ യൂനിറ്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ട്. ദേശീയപാതയിൽ നടക്കുന്ന അപകടങ്ങളിൽ പെട്ടവരെ തൃശൂരിലേക്കോ കളമശ്ശേരിയിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണ്.
ചാലക്കുടി താലൂക്ക് ആശുപത്രി അതിരപ്പിള്ളി, പരിയാരം, കോടശേരി ആദിവാസി മേഖലയിലെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രി കൂടിയാണിത്. ഈ പ്രത്യേകത മനസ്സിലാക്കി അട്ടപ്പാടി മാതൃകയിൽ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.