ഇരുചക്ര വാഹന മോഷണ പരമ്പര: പ്രതി പിടിയിൽ
text_fieldsചാലക്കുടി: ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തു. പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടിൽ ബ്ലാക്ക്മാൻ നസി എന്നറിയപ്പെടുന്ന നസീറാണ് (43) പിടിയിലായത്.
ഒരുമാസം മുമ്പ് ചാലക്കുടി ആനമല ജങ്ഷനിൽ കൂടപ്പുഴ സ്വദേശിയായ വ്യാപാരിയുടെ കടയുടെ സമീപം പാർക്ക് ചെയ്ത ഇരുചക്രവാഹനം കവർന്നാണ് മോഷണ പരമ്പരക്ക് തുടക്കം. തുടർന്ന് ടൗണിലും പരിസരത്തുനിന്ന് നിരവധി വാഹനങ്ങൾ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രളയത്തെ തുടർന്ന് ടൗണിലെ പലയിടത്തെയും സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമായത് അന്വേഷണത്തെ സാരമായി ബാധിച്ചു. പ്രധാന നിരത്തുകളിലും മറ്റും ലഭ്യമായ വ്യക്തമല്ലാത്ത ദൃശ്യങ്ങളിലെ മുഖം മറച്ച മോഷ്ടാവിന്‍റെ ദൃശ്യങ്ങളെ പിന്തുടർന്ന് തൃശൂർ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും സി.സി.ടി.വി കാമറകൾ ഒഴിവാക്കാൻ പ്രധാന നിരത്തുകൾ ഒഴിവാക്കിയായിരുന്നു മോഷ്ടാവിന്റെ യാത്ര.
വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരള-തമിഴ്നാട് അതിർത്തികളിലെ പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ ക്ലേശകരമായ അന്വേഷണത്തിലാണ് ചാലക്കുടിയിൽനിന്ന് നൂറ്റമ്പതോളം കിലോമീറ്ററകലെ പൊള്ളാച്ചിക്കടുത്ത് ജമീൻ ഊത്തുക്കുളിക്കുസമീപമുള്ള നഞ്ചേഗൗണ്ടൻപുതുരിൽനിന്ന് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.നസീർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തിന്റെ ജോലി ബുദ്ധിമുട്ടാക്കി. ഇയാൾ എത്താനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം നടത്തിയെങ്കിലും ഇയാൾ വാൽപാറക്ക് സമീപം ജനവാസം കുറവായ പുതുതോട്ടം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
കഴിഞ്ഞദിവസം മോഷണത്തിനായി വേഷ പ്രച്ഛന്നനായി ചാലക്കുടിയിലെത്തി മേൽപാലത്തിനുതാഴെനിന്ന് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രത്യേകാന്വേഷണ സംഘം പിടികൂടുകയായിരുന്നു.ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ. സന്തോഷ്, സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐമാരായ ജിനു മോൻ തച്ചേത്ത്, ജോഫി ജോസ്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, പി.എം. ഷിയാസ്, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.