യു.ഡി.എഫ് കൗൺസിലർ നുണപ്രചാരണം നടത്തുന്നതായി ആരോപണം
text_fieldsചാലക്കുടി: നഗരസഭ മൂന്നാം വാർഡിൽ റോസ് ഗാർഡൻ റോഡിന്റെ തുടക്കത്തിലെ ഒരുഭാഗം സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്ന് യു.ഡി.എഫ് കൗൺസിലർ നുണ പ്രചാരണം നടത്തുന്നതായി ആക്ഷേപം. റോഡ് മോശമായതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉത്തരവാദിത്തം മുൻ എൽ.ഡി.എഫ് കൗൺസിലിന്റെയും കൗൺസിലറുടെയും തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ നിലവിലെ യു.ഡി.എഫ് കൗൺസിലർ നുണ പ്രചാരണം നടത്തുന്നതായാണ് എൽ.ഡി.എഫ് പറയുന്നത്.
കാളഞ്ചിറ റോഡ് കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്റെ കാലത്തെ സംഭാവനയാണ്. കാളഞ്ചിറകുളത്തിനടുത്ത് ആരംഭിച്ച് പാടത്തിന് നടുവിലൂടെ ഒരു കലുങ്ക് ഉൾപ്പെടെ 20 ലക്ഷം ഉപയോഗിച്ച് ആദ്യഘട്ട പണി പൂർത്തിയാക്കിയ റോഡാണിത്. ഇതിന്റെ രണ്ടാംഘട്ടത്തിൽ സൈഡ് കെട്ടലും ഫില്ലിങ്ങും ചെയ്തുതീർക്കണ്ടേതായുണ്ടായിരുന്നു. എന്നാൽ, ഈ കൗൺസിൽ മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും നിലവിലെ കൗൺസിലർക്ക് ഇത് ചെയ്യാനോ പ്രോജക്ട് തയാറാക്കാനോ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ കൗൺസിൽ കാളഞ്ചിറ റോഡ് ആരംഭിക്കുന്നയിടത്ത് കെട്ടിയുയർത്തി റോഡ് പണി നടത്തിയതുമൂലം റോസ് ഗാർഡൻ വഴിയിലൂടെ ഒഴുകി കാളാഞ്ചിറ പാടത്തേക്ക് കാലങ്ങളായി പോയിരുന്ന മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്ന അവസ്ഥയായി. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് വെള്ളക്കെട്ടിൽ ക്വാറിമാലിന്യം അടിച്ചുയർത്തിയത് നിലവിലെ കൗൺസിലർ തന്നെയാണ്.
വെള്ളക്കെട്ടുണ്ടായത് റോസ് ഗാർഡൻ റോഡിന്റെ തുടക്കത്തിലാണ്. എന്നാൽ, കഴിഞ്ഞ കൗൺസിലിന്റെ പദ്ധതിയായ കാളാഞ്ചിറ റോഡിന്റെ പേരും പറഞ്ഞ് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് നിലവിലെ കൗൺസിലർ ചെയ്യുന്നതെന്ന് മുൻ നഗരസഭ അംഗം ബീന ഡേവിസ് കുറ്റപ്പെടുത്തി.
മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമഫലമായി 10 ലക്ഷം രൂപയുടെ റോഡ് വർക്കിനും എട്ട് ലക്ഷം രൂപയുടെ സ്കൂളിന് കിച്ചൻ വർക്കിനും ഭരണാനുമതി ലഭ്യമായിരുന്നു. ഈ പ്രോജക്ടുകളെല്ലാം സ്വന്തം പേരിലാക്കി പ്രചരിപ്പിക്കാൻ കൗൺസിലർ ശ്രമിക്കുകയാണെന്ന് സി.പി.ഐ പോട്ട ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി. അനിൽ കദളിക്കാടൻ, രാജൻ, ബീന ഡേവിസ് ജോൺസൻ ചാമവളപ്പിൽ, കെ.വി. ഷിബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.