വിമുക്തഭട കോളനി ഭൂമി; അപേക്ഷ തീർപ്പാക്കാൻ ഹൈകോടതി നിർദേശം
text_fieldsചാലക്കുടി: അതിരപ്പിള്ളിയിലെ വെറ്റിലപ്പാറ വിമുക്തഭട കോളനിയുടെ ഭൂമി സംഘാംഗങ്ങൾക്ക് വിട്ടുകൊടുക്കാനുള്ള അപേക്ഷയിൽ തീർപ്പാക്കാൻ ബന്ധപ്പെട്ടവരോട് ഹൈകോടതി നിർദ്ദേശം. വെറ്റിലപ്പാറ ദേശത്ത് 1952ൽ 200 വിമുക്ത ഭടന്മാരുടേയും ആശ്രിതരുടേയും ക്ഷേമത്തിനും ആദായത്തിനുമായി 235 ഏക്കർ വരുന്ന സ്ഥലം 1952ൽ വെറ്റിലപ്പാറയിൽ മാറ്റി വെച്ച് നമ്പർ 3317 തിരു-കൊച്ചി വിമുക്ത ഭട സഹകരണ സംഘം സ്ഥാപിച്ചിരുന്നു. പ്രസ്തുത ഭൂമിയിൽ നിന്നും സംഘം മെംബർമാർക്ക് ഒരേക്കർ വരുന്ന ഭൂമി വീതം വ്യക്തികൾക്ക് വിട്ടുകിട്ടാനായി 101ഓളം സംഘം മെംബർമാർ ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്.
അംഗങ്ങളുടെ അപേക്ഷ പരിഗണിക്കാനും ആറുമാസത്തിനകം മെംബർമാരും കോളനിയുമായി ബന്ധപ്പെട്ട് തീർപ്പ് കൽപ്പിക്കാനും ചാലക്കുടി ലാന്റ് അസൈൻമെൻറ് തഹസിൽദാരോട് ഹൈകോടതി സിംഗിൾ ബെഞ്ച് ജഡ്ജി കെ. വിജു എബ്രഹാം നിർദേശിച്ചു. വിമുക്ത ഭട സൊസൈറ്റി സ്ഥാപിച്ച് 70 വർഷത്തിലേറെ ആയിട്ടും സംഘത്തിലെ ഭൂരിപക്ഷ അംഗങ്ങൾക്കും ആശ്രിതർക്കും യാതൊരു വിധ പ്രയോജനവും ലഭിച്ചിരുന്നില്ല. വളരെ കുറച്ച് തൊഴിലാളികൾക്ക് മാത്രമാണ് സംഘത്തിൽ ജോലി ലഭിച്ചത്.
കാര്യക്ഷമതയില്ലായ്മ കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സബ്സിഡിയും ഗ്രാൻറും ലഭിച്ച് തുടങ്ങിയ കന്നുകാലി വളർത്ത് ഫാം, ഔഷധസസ്യ കൃഷിത്തോട്ടം, ഔഷധ നഴ്സറി, ഐസ് ക്രീം നിർമാണ യൂനിറ്റ്, ഇഷ്ടിക നിർമാണ യൂനിറ്റ്, കാന്റീൻ തുടങ്ങിയവ നഷ്ടത്തിലാവുകയും പലതും നിർത്തുകയും ചെയ്തു.
സംഘം വക സ്ഥലത്ത് മുൻ ഭരണസമിതികൾ തീരുമാനമെടുത്ത് നടത്തിയ റബ്ബർ, കശുമാവ്, കുരുമുളക് തുടങ്ങിയ കാർഷിക വിളകൾ പരിപാലിക്കാത്തതിലും പുനർകൃഷി നടപ്പാക്കത്തതിനാലും സംഘത്തിന് വരുമാനമില്ലാതായി. സംഘം ഭൂമികൾ ബൈലോ പരിഗണിക്കാതെ ദീർഘകാലയളവിൽ റിസോർട്ട് സ്ഥാപിച്ച് ടൂറിസം പദ്ധതികൾക്കായി തുച്ഛമായ തുകക്ക് വിട്ടു നൽകിയതും തിരിച്ചടിയായി. മൊത്തം ഭൂമിയും ബൈലോ ഭേദഗതി ചെയ്ത് ടൂറിസത്തിന് വിട്ടുകൊടുക്കാൻ ഭൂരിപക്ഷം സർക്കാർ നോമിനികൾ ഉൾപ്പെട്ട നിലവിലെ ഭരണസമിതി 2023 ഒക്ടോബറിൽ കൊണ്ടുവന്ന പ്രമേയം മെംബർമാർ പൊതുയോഗത്തിൽ ഐക്യകണ്ഠേന തള്ളിക്കളഞ്ഞ് സംഘത്തിന് സ്വയംഭരണാവകാശം ലഭിക്കണമെന്നുമുള്ള പ്രമേയം പാസ്സാക്കി. ഇതേ തുടർന്ന് രൂപവത്കരിച്ച സൊസൈറ്റി സംരക്ഷണ സമിതിയാണ് ഹൈക്കോടതിയിൽ മെംബർമാർക്ക് ഒരേക്കർ വീതം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് റിട്ട് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.