ചാലക്കുടിയിൽ തലപുകഞ്ഞാലോചന; എവിടെ സ്ഥാപിക്കും, ബിവറേജസ് ഔട്ട് ലെറ്റ് ?
text_fieldsചാലക്കുടി: ബിവറേജസ് ഔട്ട്ലെറ്റ് ഏത് വാർഡിലേക്ക് മാറ്റി സ്ഥാപിക്കുമെന്നതിനെ ചൊല്ലി ചാലക്കുടി നഗരസഭ യോഗത്തിൽ വാക്പോര്. 14ാം വാർഡിൽ പ്രവർത്തിച്ചുവരുന്ന ഔട്ട് ലെറ്റ് പ്രദേശത്തെ ജനങ്ങളുടെ പരാതിയെ തുടർന്ന് ഹൈകോടതി എക്സൈസ് വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള അന്വേഷണം തുടങ്ങിയത്. പുതിയ സ്ഥലത്തെ ചൊല്ലിയാണ് ചൊവ്വാഴ്ചയിലെ നഗരസഭ യോഗത്തിൽ ബഹളമുണ്ടായത്.
വാർഡ് 21ലെ സി.എസ്.ഐ പള്ളിക്ക് സമീപത്തെ ആർക്കേഡിലേക്കാണ് മാറ്റി സ്ഥാപിക്കാനാണ് ആലോചന നടക്കുന്നത്. പള്ളിയുടെയും വിദ്യാലയങ്ങളുടെയും സമീപമായതിനാൽ അവിടെ സ്ഥാപിക്കുന്നത് തടയണമെന്ന് കൗൺസിലർമാരായ നിത പോളും റോസി ലാസറും പ്രമേയം വഴി ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി റോഡിൽ ഹൗസിങ്ങ് കോളനി ഭാഗത്ത് ബിവറേജസ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് കൗൺസിലർമാരായ വി.ജെ. ജോളിയും ടി.ഡി. എലിസബത്തും പ്രമേയം വഴി ആവശ്യപ്പെട്ടു. പ്രമേയങ്ങൾ രണ്ടും കൗൺസിൽ അംഗീകരിച്ചതായി അധ്യക്ഷത നഗരസഭ ചെയർമാൻ എബി ജോർജ് പറഞ്ഞു.
എന്നാൽ, ബിവറേജസ് സ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാറിനാണ് അധികാരമെന്നും നഗരസഭക്ക് അധികാരമില്ലെന്നും ചെയർമാൻ വ്യക്തമാക്കി. അതിനിടെ, മൂന്നാം വാർഡ് കൗൺസിലറും 14ാം വാർഡ് കൗൺസിലറും ഒത്തുചേർന്ന് ബിവറേജസ് ഔട്ട് ലെറ്റ് മാറ്റി നേട്ടത്തിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ആരോപിച്ചു.
കഴിഞ്ഞ തവണ ആര്യങ്കാല വാർഡിൽ ബിവറേജസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അവിടത്തെ കൗൺസിലർ ജോജി കാട്ടാളൻ ഇത്തവണ അവിടെ സ്ഥാപിക്കാൻ പറ്റില്ലെന്ന് അറിയിച്ചു. ഇതോടെ എവിടെ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെയെന്നായി യോഗം.
ചാലക്കുടിയിലെ ബിവറേജസ് ഔട്ട് ലെറ്റ് മെയിൻ റോഡിന് സമീപമായിരുന്നു. സമ്മർദത്തെ തുടർന്ന് അവിടെനിന്ന് ചാലക്കുടി മാർക്കറ്റിലേക്ക് മാറ്റിയിരുന്നുവെങ്കിലും അസൗകര്യം മൂലം നോർത്ത് ജങ്ഷനിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇത് ചാലക്കുടി ജങ്ഷനിൽ വലിയ ഗതാഗതക്കുരുക്കും പരിസരവാസികൾക്ക് ശല്യവും സൃഷ്ടിക്കുന്നതിനാലാണ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.