യുവാവിെൻറ മരണം കൊലപാതകം; സുഹൃത്തുക്കൾ അറസ്റ്റിൽ
text_fieldsചാലക്കുടി: കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിൽ ജലസേചനക്കനാലിൽ തിരുമുടിക്കുന്ന് സ്വദേശി വലിയവീട്ടിൽ എബിയെ (33) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതികളായ ചാലക്കുടി കൊന്നക്കുഴി സ്വദേശി കിഴക്കേപ്പുറത്തുവീട്ടിൽ അനിൽ (27), കുലയിടം പാറയം കോളനിയിൽ താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ വിജിത്ത് (32) എന്നിവരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച എബിയുടെ സുഹൃത്തുക്കളാണ് ഇരുവരും.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടത്. എബിെൻറ 20 വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും ആന്തരികാവയവങ്ങൾ തകർന്ന് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നും തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എബിനും പ്രതികളും ചെറുവാളൂർ, കട്ടപ്പുറം എന്നീ കള്ളുഷാപ്പുകളിൽ ഒരുമിച്ച് മദ്യപിച്ചിരുന്നെന്നും അതിനിടയിൽ എബിൻ പ്രതികളുടെ പഴ്സും ഫോണും മോഷ്ടിച്ചെന്നും അതിനെത്തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. കള്ളുഷാപ്പിൽ െവച്ച് നടന്ന മർദനത്തിൽ അവശനായ എബിനെ താങ്ങിപ്പിടിച്ച് രാത്രി ഒമ്പതോടെ ജനവാസം കുറഞ്ഞ കനാൽഭാഗത്ത് എത്തിച്ച് തള്ളിയിടുകയായിരുന്നു. തുടർന്ന് വീട്ടിൽ കിടന്നുറങ്ങി വെളുപ്പിന് നാലോടെ വീണ്ടും കനാലിൽ എത്തി മരണം ഉറപ്പാക്കിയതായും പൊലീസ് പറഞ്ഞു. മരിച്ച എബിനും പിടിയിലായ അനിൽ, വിജിത്ത് എന്നിവരും നിരവധി കേസുകളിൽ പ്രതികളാണ്.
റൂറൽ എസ്.പി ആർ. വിശ്വനാഥൻ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് എന്നിവരുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്.ഐമാരായ ഷാജു എടത്താടൻ, സി.കെ. സുരേഷ്, സി.ഒ. ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രത്യേക അന്വേഷണസംഘത്തിൽ എ.എസ്. ഐമാരായ എം.എസ്. പ്രദീപ്, മുഹമ്മദ് ബാഷി, ജിനുമോൻ, മൂസ, സെബി, മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ വി. ആർ. രഞ്ജിത്ത്, എം.ബി. ബിജു, പി.ആർ. ഷഫീക്ക്, എ.യു. റെജി എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.