ചാലക്കുടി ഉപജില്ല സ്കൂൾ കലോത്സവം : മികച്ച നടിക്കുള്ള സമ്മാനം ആൺകുട്ടിക്ക് നൽകിയതായി പരാതി
text_fieldsകൊരട്ടി: ചാലക്കുടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നടിക്കുള്ള സമ്മാനം ആൺകുട്ടിക്ക് നൽകിയതായി പരാതി. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലാണ് ഇത്തരം ഒരുപിഴവ് സംഭവിച്ചത്. ആകെ അഞ്ച് നാടകങ്ങളാണ് മത്സരത്തിനെത്തിയത്. ഒന്നാം സ്ഥാനം കൊരട്ടി എം.എ.എം.എച്ച്.എസ് സ്കൂളിനും രണ്ടാം സ്ഥാനം ചാലക്കുടി കാർമൽ സ്കൂളിനും മൂന്നാം സ്ഥാനം മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിനുമായിരുന്നു. പെൺവേഷം കെട്ടിയ ആൺകുട്ടിയെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്.
ചെമ്പുച്ചിറ സ്കൂളിലെ വിദ്യാർഥിക്ക് മികച്ച നടിക്കുള്ള സമ്മാനം ലഭിച്ചതിനെത്തുടർന്ന് പരാതി ഉയർന്നിട്ടുണ്ട്. വിധികർത്താക്കളുടെയും സംഘാടകരുടെയും നോട്ടക്കുറവാണ് വിധി നിർണയത്തെ അപഹാസ്യമാക്കിയതെന്നാണ് ആക്ഷേപം. ഇതിനെതിരെ അപ്പീൽ ലഭിച്ചിട്ടുണ്ട്. വേഷം ഏതായാലും ആൺകുട്ടിയാണ് അഭിനയിക്കുന്നതെങ്കിൽ മികച്ച നടനുള്ള പുരസ്കാരംതന്നെയാണ് നൽകേണ്ടത്.
ഈ പ്രാഥമിക പാഠമാണ് വിധികർത്താക്കൾ തെറ്റിച്ചതെന്നാണ് ആരോപണം. എന്നാൽ, സ്കൂൾ കലോത്സവത്തിൽ നാടകത്തിൽ വേഷത്തിനാണ് സമ്മാനമെന്ന് ചാലക്കുടി ഉപജില്ല പ്രോഗ്രാം കമ്മിറ്റി ഭാരവാഹി വിവേക് പറഞ്ഞു. വിധികർത്താക്കൾ അഭിനയിക്കുന്ന ആളുടെ ലിംഗം, പേര് തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതില്ല. അതെല്ലാം രഹസ്യമാണ്. ഈ സാഹചര്യത്തിൽ ആൺകുട്ടിക്ക് മികച്ച നടിക്കുള്ള സമ്മാനം കൊടുത്തതിൽ ഒരുതെറ്റുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.