പ്രതാപം വീണ്ടെടുത്ത ചാലക്കുടി റസ്റ്റ് ഹൗസ് കെട്ടിടം തുറന്നു
text_fieldsചാലക്കുടി: പി.ഡബ്ല്യു.ഡി റസ്റ്റ് ഹസിെൻറ പഴയ മെയിൻ കെട്ടിടം പ്രതാപം വീണ്ടെടുത്ത് തുറന്നുകൊടുത്തു. 140 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടന്നത്. കെട്ടിടം മാത്രമല്ല കോമ്പൗണ്ടും പാർക്കിങ് മേഖലയും ടൈൽസിട്ട് സൗന്ദര്യാത്്മകമാക്കിയിട്ടുണ്ട്. ഒരു വർഷമായി ഇത് നിർമാണങ്ങൾക്കായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.
നൂറു വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം ചാലക്കുടിയുടെ ലാൻഡ് മാർക്കുകളിലൊന്നായതിനാൽ അതേപടി നിലനിർത്തണമെന്നാവശ്യമാണ് ഇതുവഴി സാക്ഷാത്കരിക്കപ്പെട്ടത്. കൊളോണിയൽ കാലഘട്ടത്തിെൻറ ചാലക്കുടിയിലെ ശേഷിക്കുന്ന നിർമിതികളിലൊന്നാണിത്.
ശാന്തവും വിശാലവുമായ കോമ്പൗണ്ടിൽ ഡച്ച് മാതൃകയിൽ നിർമിച്ച ഈ ബംഗ്ലാവ് ഒരു കാലത്ത് ബ്രിട്ടീഷ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫിസായിരുന്നു. പിന്നീട് ഇത് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആയി മാറ്റുകയായിരുന്നു.
എഴുപതുകൾവരെ അതിരപ്പിള്ളിയിൽ സിനിമ ഷൂട്ടിങ്ങുമായി എത്തിയാൽ ഇവിടെയായിരുന്നു പല താരങ്ങളുടെയും താവളം. ചാലക്കുടിയിൽ ആധുനികമായ സ്വകാര്യ ലോഡ്ജുകളുടെ പ്രവർത്തനത്തോടെ ഇതിെൻറ പ്രതാപത്തിന് മങ്ങലേൽക്കുകയായിരുന്നു. അടുത്തയിടെ ഇതിനോട് ചേർന്ന് ആധുനികമായ അനക്സ് കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
നവീകരിച്ച കെട്ടിടം വിഡിയോ കോൺഫറൻസിലൂടെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺകുമാർ, കെ.കെ. ഷീജു, കെ.ആർ. സുമേഷ്, പി.പി. ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഇതോടൊപ്പം 31.23 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിെൻറ നിർമാണ ഉദ്ഘാടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.