ചാലക്കുടി ടൗൺഹാൾ തുറന്നില്ല; പ്രതിഷേധ സദ്യയൊരുക്കി പ്രതിപക്ഷം
text_fieldsചാലക്കുടി: ടൗൺഹാൾ തുറക്കാത്തതിനെതിരെ നഗരസഭയിലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധ സദ്യ വിളമ്പി. നാട്ടുകാരും പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ചേർന്ന പ്രതിഷേധ യോഗത്തെ തുടർന്ന് ടൗൺ ഹാളിന് മുൻവശത്ത് ഉച്ചക്കാണ് പഴം, പപ്പടം, പായസം എന്നീ വിഭവങ്ങൾക്കൊപ്പം സദ്യ വിളമ്പിയത്. നിരവധി തവണ ഉദ്ഘാടനം നടത്തിയിട്ടും ജനങ്ങൾക്ക് ആവശ്യത്തിന് ടൗൺഹാൾ തുറന്നുകൊടുക്കാൻ തയാറാവാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏഴുവർഷം മുമ്പ് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് പകുതിയിൽ താഴെ മാത്രം നിർമാണം നടത്തി ടൗൺ ഹാളിന്റെ ആദ്യത്തെ ഉദ്ഘാടനം നടത്തിയത്. തുടർന്നുവന്ന എൽ.ഡി.എഫ് ഭരണസമിതി അവശേഷിച്ച പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. പിന്നീട് വന്ന യു.ഡി.എഫ് ഭരണസമിതി രണ്ടുവർഷം പൂർത്തിയായിട്ടും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാതെ നീട്ടിക്കൊണ്ടുപോയി. രാജീവ് ഗാന്ധിയുടെ പേരിൽ നാമകരണം ചെയ്ത ടൗൺ ഹാൾ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ തുറക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഒരോ അവധികൾ പറഞ്ഞ് നീണ്ടുപോവുകയായിരുന്നു. ഇതോടെ ജനങ്ങളുടെ ക്ഷമ നശിച്ചിരുന്നു. ഒടുവിൽ ജനുവരി ഒന്നിന് തുറക്കുമെന്ന് കൗൺസിൽ യോഗത്തിൽ പുതിയ ചെയർമാൻ എബി ജോർജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
ഇതോടെയാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധ സദ്യ സംഘടിപ്പിച്ചത്. പ്രതിഷേധം ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, വിൽസൺ പാണാട്ടുപറമ്പിൽ, ശശിധരൻ, ജയന്തി പ്രവീൺ കുമാർ, ഉഷ പരമേശ്വരൻ, ചാലക്കുടി ടൗൺ ജുമാമസ്ജിദ് ഇമാം ഹുസൈൻ ബാഖവി, സംസ്കാരിക പ്രവർത്തകൻ യു.എസ്. അജയകുമാർ, കൗൺസിലർമാരായ ബിജി സദാനന്ദൻ, കെ.എസ്. സുനോജ്, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.