ഉരുൾപൊട്ടൽ ഭീഷണി: ക്യാമ്പിലേക്ക് മാറണമെന്ന് അധികൃതർ; നിർദേശം തള്ളി ആദിവാസികൾ
text_fieldsഅതിരപ്പിള്ളി: ഉരുൾപൊട്ടൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശം തള്ളി അതിരപ്പിള്ളിയിലെ അരൈക്കാപ്പ് ഊര് നിവാസികൾ. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്റെ നേതൃത്വത്തിലാണ് ഇവരെ കാണാൻ പോയത്. അതിരപ്പിള്ളി പഞ്ചായത്തിലെ അതിർത്തി പ്രദേശമായ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിനകത്തുള്ള പട്ടികവർഗ സങ്കേതമാണ് അരൈക്കാപ്പ്. ഇവിടെ 15 കുടികളിലായി 45ഓളം പേരാണ് താമസിക്കുന്നത്. ചെങ്കുത്ത് പ്രദേശമായ ഇവിടെ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. ഇത്തരം സ്ഥലങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.
ഇതേതുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ഊരുനിവാസികൾക്ക് മുന്നറിയിപ്പുമായി എത്തിയത്. പഞ്ചായത്ത് അംഗം നാഗലപ്പൻ, ആർ.ആർ.ടി അംഗങ്ങൾ, റവന്യു, ട്രൈബൽ, ഫോറസ്റ്റ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഊര് നിവാസികളെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും ഉടൻ ക്യാമ്പിലേക്ക് മാറാൻ തയാറായില്ല. പുറത്തെ ക്യാമ്പിലേക്ക് വരില്ലെന്നും ഊരിൽതന്നെ ക്യാമ്പ് വേണമെന്നും ശഠിച്ചതോടെ സംഘം തിരിച്ചുപോയി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് ക്യാമ്പ് തുറക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും പ്രദേശത്തുനിന്ന് മാറുക തന്നെ വേണമെന്ന നിലപാടിലായിരുന്നു അധികൃതർ. പഞ്ചായത്ത് അധികൃതർ കലക്ടറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത ദിവസം വീണ്ടും സന്ദർശിച്ച് അപകടാവസ്ഥ ബോധ്യപ്പെടുത്തി മാറ്റണമെന്ന നിർദേശമാണ് കലക്ടർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.