വന്യജീവികൾ കാടിറങ്ങാൻ കാരണം പ്രളയം സൃഷ്ടിച്ച വനാന്തരീക്ഷ മാറ്റം
text_fieldsതൃശൂർ: വന്യജീവികൾ വൻതോതിൽ കാടിറങ്ങാൻ കാരണം വനാന്തരീക്ഷത്തിൽ പ്രളയം സൃഷ്ടിച്ച മാറ്റം. 2018 -19ൽ പെയ്ത അതിതീവ്ര മഴയിൽ കാട്ടിൽനിന്ന് വലിയതോതിൽ മണ്ണൊലിച്ചുപോയതുമായി ബന്ധപ്പെട്ട വനാന്തരീക്ഷ മാറ്റമാണ് വന്യജീവികൾ കാടിറങ്ങുന്നത് ഉൾപ്പെടെ ആവാസവ്യവസ്ഥയെ താളംതെറ്റിച്ചത്.
ഫലഭൂയിഷ്ഠമായ രാസമൂലകങ്ങളടങ്ങിയ മേൽമണ്ണ് പോയതോടെ വ്യാപകമായ അധിനിവേശ സസ്യങ്ങൾ വനത്തിന്റെ സന്തുലനാവസ്ഥയെ താളംതെറ്റിച്ചെന്ന് കേരള വനഗവേഷണ കേന്ദ്രത്തിന് കീഴിലെ നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവാഷൻസ് കോഓഡിനേറ്ററും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. ടി.വി. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രളയത്തിലും ഉരുൾപൊട്ടലിലും നാട് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഒലിച്ചുപോയത് 'കാടിന്റെ ആരോഗ്യ'മാണ്. രാസമൂലകങ്ങൾ ഏറെയുണ്ടായിരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് നീങ്ങുമ്പോൾ ആ ഭാഗം നിറയുക കൂടുതൽ മൂലകങ്ങൾ ആവശ്യമില്ലാത്ത അധിനിവേശ സസ്യങ്ങളായിരിക്കും.
ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, കമ്യൂണിസ്റ്റ് പച്ച, മഞ്ഞക്കൊന്ന, കൊങ്ങിണി തുടങ്ങി അനേകം അധിനിവേശ സസ്യങ്ങളാണ് ഇപ്പോൾ കാട് കീഴടക്കി വ്യാപിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നു. അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യമില്ലാത്ത സംരക്ഷിത വനപ്രദേശം കേരളത്തിലല്ലെന്നത് ആശങ്കക്കിടയാക്കുന്നു.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ വളരുന്ന ഓരോ അധിനിവേശ സസ്യവും തദ്ദേശ സസ്യങ്ങളുടെ വളർച്ചയെ തടയുന്നത് മറ്റു സസ്യങ്ങളുടെ വളർച്ചയെ തടയുന്ന രാസ സംയുക്തങ്ങളെ നിർമിച്ചാണ്. 'അല്ലെലോ കെമിക്കൽസ്' എന്ന രാസ സംയുക്തങ്ങൾ മണ്ണിലുള്ളിടത്തോളം മറ്റു സസ്യങ്ങളുടെ വിളകൾ മുളക്കാതാവും. അവ മറ്റു സസ്യങ്ങളെ കീഴടക്കി കാട്ടിൽ പടരും. ഈ അധിനിവേശ സസ്യങ്ങൾ മൃഗങ്ങൾക്ക് കഴിക്കാൻ പറ്റുന്നതല്ല.
സ്വാഭാവികമായും അവർക്ക് പുതിയ മേഖലകളിലേക്ക് മറേണ്ടിവരും. ഇത് കാട്ടിലെ സസ്യഭുക്കുകളായ ജീവികൾക്ക് ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കുകയും അവ പുതിയ വനമേഖലകൾ തേടിപ്പോവുകയും ചെയ്യും. ഇതോടെ മാംസഭുക്കുകളും അവക്കു പിറകെ പോകേണ്ടിവരും. ഇത് വിവിധ മൃഗങ്ങൾ അവരുടെ അതിർത്തികൾ തമ്മിലെ സംഘർഷങ്ങൾക്കിടയാക്കും. ഇത്തരം സംഘർഷങ്ങളെത്തുടർന്നാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങേണ്ടിവരുന്നത്.
വന്യജീവികളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഇതോടൊപ്പം പഠിക്കേണ്ടതുണ്ടെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിവരുന്ന ഡോ. ടി.വി. സജീവ് പറഞ്ഞു. മൂന്നുമാസത്തിനകം പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നൈസര്‍ഗിക വനത്തെ വിഴുങ്ങുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാന്‍ വനം -വന്യജീവി വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.