ചിറങ്ങര റെയിൽവേ മേൽപാലം നവംബറിൽ പൂർത്തിയാകും
text_fieldsകൊരട്ടി: മേഖലയിലെ ഗതാഗതപ്രശ്നത്തിന് ആശ്വാസമാകുന്ന ചിറങ്ങര റെയിൽവേ മേൽപാലം നിർമാണം നവംബറിൽ പൂർത്തിയാകും. പ്രധാനഘട്ടങ്ങൾ പൂർത്തിയായി. മേൽഭാഗത്തെ കോൺക്രീറ്റ് ഷീറ്റുകൾ നിർമിക്കുന്ന ജോലി നടക്കുകയാണ്. രണ്ടാഴ്ചക്കകം ഇത് പൂർത്തിയാകും.
റെയിൽപാളത്തിന്റെ ഇരുവശത്തുമുള്ള തൂണുകളുടെ നിർമാണമാണ് അവസാനഘട്ടത്തിൽ ബാക്കിയുള്ളത്. അതിന് ദക്ഷിണ റെയിൽവേയുടെ അനുമതി ലഭിച്ചു. പൈലിങ് അടുത്ത ആഴ്ച നടക്കും. നിർമാണസാമഗ്രികൾ എത്തി.
2021 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടന്നത്. ഒരു കൊല്ലംകൊണ്ട് പൂർത്തിയാക്കണം എന്നായിരുന്നു കരാർ. എട്ടുമാസം വൈകിയെങ്കിലും പ്രവൃത്തി തിടുക്കത്തിൽ തീർക്കുകയാണ്. 22.61 കോടി രൂപയാണ് ചെലവ്. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് നിർമാണം. രണ്ട് ലൈൻ ഫുട്പാത്ത് ഉണ്ടാകും. പൈൽ, പൈൽ ക്യാപ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്, ഗർഡർ എന്നിവ സ്റ്റീലും ഡെക്ക് സ്ലാബ് കോൺക്രീറ്റുമാണ്. ഇത്തരത്തിൽ നിർമിക്കുന്ന ആദ്യ മേൽപാലമെന്ന പ്രത്യേകതയുമുണ്ട്.
ചിറങ്ങര, ചാലക്കുടി മേഖലയിലെ നാലാമത്തെ റെയിൽവേ മേൽപാലമാണിത്. ചാലക്കുടി, മുരിങ്ങൂർ, കൊരട്ടി എന്നിവിടങ്ങളിലാണ് പാലങ്ങളുള്ളത്. ദേശീയപാതയിൽ തിരക്കേറി വരുന്ന ജങ്ഷനായ ചിറങ്ങരയിൽ അപകടം ഒഴിവാക്കാൻ മേൽപാലം വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. ചിറങ്ങര കവലയിൽനിന്ന് വെസ്റ്റ് കൊരട്ടി, അന്നമനട, കാടുകുറ്റി മേഖലയിലേക്കും തിരിച്ചും പോകുന്ന യാത്രക്കാരുടെ വാഹനങ്ങളുടെ നീണ്ടനിര ട്രെയിൻ കടന്നുപോകാൻ കാത്തുകിടക്കുന്നത് നിത്യകാഴ്ചയാണ്. മേൽപാലം തുറക്കുന്നതോടെ യാത്രദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.