കലങ്ങിയൊഴുകി ചാർപ്പ വെള്ളച്ചാട്ടം; മണ്ണും ചേറും കലർന്ന വെള്ളം ചാലക്കുടിപ്പുഴയിലേക്ക്
text_fieldsഅതിരപ്പിള്ളി: ചാർപ്പ വെള്ളച്ചാട്ടം തുടർച്ചയായി കലങ്ങിയൊഴുകാൻ കാരണം വനമേഖലയിൽ മരങ്ങൾ വെട്ടി ഭൂമി ഇളക്കി മറിച്ചതിനാലെന്ന് സൂചന. ഏതാനും ദിവസങ്ങളായി ചാർപ്പയിലെ വെള്ളം കലങ്ങിയൊഴുകുകയാണ്.
വനമേഖലയിൽ കാര്യമായ മഴയില്ലെങ്കിലും പതിവിൽ കൂടുതൽ വെള്ളം ഒഴുകുന്നുണ്ട്. മണ്ണും ചേറും കലർന്ന വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകി ദിവസങ്ങളായി കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. അതേസമയം, ചാർപ്പക്ക് മുകളിൽ ചാലക്കുടിപ്പുഴയുടെ വെള്ളത്തിന് കലക്കമില്ല. പെരിങ്ങൽകുത്ത് ഡാമിലെ വെള്ളം തെളിഞ്ഞാണുള്ളത്.
ഏതാനും നാളുകൾക്ക് മുമ്പ് ചാർപ്പക്ക് മുകളിൽ തകൃതിയായി മരങ്ങൾ വെട്ടുന്നതായി സൂചനയുണ്ട്. കോവിഡ് കാലമായതിനാൽ കണക്കിൽപെടാതെയാണ് ഇവിടെ മരങ്ങൾ വെട്ടുന്നത്. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ടാണോ മരം മുറിയെന്ന് വ്യക്തമല്ല. വെട്ടുന്ന മരങ്ങളുടെ കുറ്റികൾ വെച്ച് പറിച്ചെടുക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യുകയാണ്.
ഇതേതുടർന്നാണ് മഴ പെയ്തപ്പോൾ മണ്ണും ചളിയും ശക്തമായി കുത്തിയൊലിക്കുന്നത്.
തമിഴ്നാട്ടിലെ പറമ്പിക്കുളം ഡാം തുറന്നതിനെ തുടർന്ന് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം ഒരു മീറ്ററോളം ഉയർന്നിരുന്നു. എന്നാൽ പുഴയിലെ അപകടനിരപ്പിനെക്കാൾ ആറ് മീറ്ററോളം താഴ്ന്ന് തന്നെയാണ് ജലനിരപ്പ്. 600 ഘനയടി ജലമാണ് തമിഴ്നാട് തുറന്നു വിട്ടത്. പെരിങ്ങൽ ഡാമിൽ ഇത് ഒരു സമ്മർദവും ഉണ്ടാക്കിയില്ല. മറ്റൊരു വശത്തുനിന്ന് ഷോളയാറിലെ വൈദ്യുതി ഉൽപ്പാദനത്തിന് ശേഷമുള്ള വെള്ളവും പെരിങ്ങലിൽ എത്തുന്നുണ്ട്. എന്നാൽ ഇതൊന്നും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കാര്യമായി ഉയർത്തിയില്ല. പറമ്പിക്കുളത്ത് വരും ദിവസങ്ങളിൽ കനത്ത മഴ പെയ്താൽ മാത്രമേ പ്രശ്നം ഗുരുതരമാകൂ. എന്നാൽ കോയമ്പത്തൂർ ജില്ല കലക്ടറോട് തൃശൂർ ജില്ല കലക്ടർ കൂടുതൽ വെള്ളം പറമ്പിക്കുളത്തുനിന്നും പെരിങ്ങലിലേക്ക് തുറന്നു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.