ബജറ്റ്: ഗുരുവായൂരിലെ 172 കോടി മുൻ ബജറ്റിന്റെ ആവർത്തനം
text_fieldsചാവക്കാട്: 218 കോടി ഉൾക്കൊള്ളിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ വന്ന തുക അധികവും കഴിഞ്ഞ വർഷത്തേത്. ചാവക്കാട് നഗരസഭയിൽ പരപ്പിൽതാഴത്ത് സ്റ്റേഡിയം, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മമ്മിയൂർ ജങ്ഷനിൽ ഫ്ലൈ ഓവർ, ചാവക്കാട്-വടക്കാഞ്ചേരി റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടൽ, അണ്ടത്തോട് പാലം, മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ വിപുലീകരണം, ചാവക്കാട് താലൂക്ക് ആശുപത്രി വിപുലീകരണം എന്നിവയെല്ലാം 2024-25ലെ ബജറ്റിൽ ഉൾക്കൊള്ളിച്ചതിന്റെ തനി പകർപ്പാണ്.
296.1 കോടിയാണ് കഴിഞ്ഞ വർഷം ബജറ്റിൽ ഗുരുവായൂർ മണ്ഡലത്തിന് ഉൾക്കൊള്ളിച്ചത്. അതിൽ ചാവക്കാട് നഗരസഭയിൽ പരപ്പിൽതാഴത്ത് സ്റ്റേഡിയം നിർമിക്കാൻ 12 കോടി, ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് 40 കോടി, മമ്മിയൂർ ജങ്ഷനിൽ ഫ്ലൈ ഓവർ നിർമിക്കാൻ 40 കോടി, ചാവക്കാട്-വടക്കാഞ്ചേരി റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടാൻ 25 കോടി, അണ്ടത്തോട് പാലം നിർമിക്കാൻ 43.5 കോടി, കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ സ്ഥലമേറ്റെടുത്തുള്ള വിപുലീകരണത്തിന് ഏഴ് കോടി, ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സ്ഥലമെടുപ്പുൾപ്പടെയുള വിപുലീകരണത്തിന് എട്ട് കോടി എന്നിവയാണ് പുതിയ ബജറ്റിൽ വീണ്ടും ആവർത്തിച്ചത്. ഇവയിൽ അണ്ടത്തോട് പാലം നിർമിക്കാൻ പ്രഖ്യാപിച്ച 43.5 കോടി ഈ വർഷം 13.5 കുറഞ്ഞ് 30 കോടിയായി കുറച്ചു.
കഴിഞ്ഞ വർഷം ഏഴ് കോടി പ്രഖ്യാപിച്ച മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ സ്ഥലമേറ്റെടുത്തുള്ള വിപുലീകരണത്തിന് ഈ വർഷം രണ്ട് കോടിയായി. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ നിർമിച്ച ശൗചാലയം ഇതുവരെ തുറന്നിട്ടില്ല. ഇത് നേരത്തെയുള്ള പദ്ധതിയാണെന്നും പറയുന്നുണ്ട്. ചില അറ്റകുറ്റപ്പണികൾ മാത്രമാണ് അവിടെ നടന്നത്. അതിന് ഏഴ് കോടി വരില്ല. ബ്ലാങ്ങാട് ബീച്ച് ടൂറിസത്തിന് കഴിഞ്ഞ ബജറ്റിൽ 10 കോടി ഉൾപ്പെടുത്തിയിരുന്നു. ഇതുവരെ നിർമാണ പ്രവർത്തനമൊന്നും ഉണ്ടായിട്ടില്ല. ഇത്തവണ സ്ഥലമേറ്റെടുക്കാൻ മാത്രമായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്.
ബ്ലാങ്ങാട് ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് ഫിഷറീസ് ടവർ, മത്സ്യ ഭവൻ കെട്ടിടങ്ങൾ എന്നിവക്ക് 10 കോടിയും കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. കൂടാതെ ചാവക്കാട് പി.ഡബ്ല്യു.ഡി ഓഫിസ് കെട്ടിടം നിർമിക്കാൻ 15 കോടിയും നീക്കിവെച്ചിരുന്നു. ഇത്തവണ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. മൊത്തത്തിൽ ഈ വർഷത്തെ ബജറ്റിൽ ഗുരുവായൂരിന് അനുവദിച്ച 218 കോടിയിൽ 172 കോടിയും കഴിഞ്ഞ വർഷത്തെ ബജറ്റിലേതാണ്. ബാക്കിയുള്ള 46 കോടി മാത്രമാണ് ഗുരുവായൂരിനുള്ളത്.
ചാവക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് നിർമാണത്തിനുള്ള 20 കോടിയും ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് അനുവദിച്ച 11 കോടിയും ഐ.ടി.ഐക്ക് സ്ഥലമെടുപ്പിനുള്ള 15 കോടിയും മാത്രമാണ് പുതിയ പദ്ധതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.