ചാവക്കാട്ട് 1376 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsചാവക്കാട്: ചാവക്കാട്ട് വൻ സ്പിരിറ്റ് വേട്ട. ജില്ലയിലേക്ക് കടത്തിയ 1376 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനംതാഴത്തെ പുരയിൽ നവീൻ കുമാർ (34), പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് (33) എന്നിവരെ കസ്റ്റഡിയിലെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ അസി. എക്സൈസ് കമീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടക്കഴിയൂർ-ചങ്ങാടം റോഡിൽ എടക്കഴിയൂർ വില്ലേജ് ഓഫിസിനു സമീപത്തുനിന്നാണ് സ്പിരിറ്റുമായി എത്തിയ മിനിലോറി പിടികൂടിയത്.
ചകിരിനാര് നിറച്ച ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നത്. ദേശീയപാതയിൽനിന്ന് ചങ്ങാടം റോഡിലേക്ക് കടന്ന മിനിലോറിയുടെ മേൽഭാഗം ചലിക്കുംപാലത്തിന്റെ മുകളിലെ ഇരുമ്പ് ബാറിൽ തട്ടുമെന്നായപ്പോൾ പോകാനാവാതെ സമീപത്തേക്ക് മാറ്റിയിടുകയായിരുന്നു. ഈ സമയത്താണ് ഇവരെ പിന്തുടർന്ന അന്വേഷണസംഘം വാഹനം പരിശോധിച്ചത്.
വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. ഹരികുമാർ, റേഞ്ച് ഇൻസ്പെക്ടർമാരായ സി.വി. ഹരീഷ്, മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, പ്രിവന്റിവ് ഓഫിസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. വിശാഖ്, പി. സുബിൻ, എം.എം. അരുൺകുമാർ, ബസന്ത് കുമാർ, രജിത്ത് ആർ. നായർ, കെ. മുഹമ്മദലി, എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, കെ. രാജീവ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.