മന്ദലാംകുന്ന് കടപ്പുറത്ത് വല നിറയെ ചെമ്മീൻ
text_fieldsചാവക്കാട്: തീരമേഖലക്ക് പുത്തൻ ഉണർവായി മന്ദലാംകുന്ന് കടപ്പുറത്ത് ചവിട്ടുവലക്കാർക്ക് വല നിറയെ ചെമ്മീൻ. ഞായറാഴ്ച രാവിലെ കടപ്പുറത്ത് ചെമ്മീന്റെ സാന്നിധ്യമറിഞ്ഞ് ചവിട്ടുവലയുമായി കടലിലേക്കിറങ്ങിയ മൂന്ന് കൂട്ടരാണ് കരയിലേക്ക് മീൻ വലിച്ചുകയറ്റിയത്. കടലിൽ തിര കുറഞ്ഞതിനാൽ നാടിന്റെ കിഴക്കുഭാഗങ്ങളിൽനിന്നുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ 75 ഓളം വീശുവലക്കാരാണ് പുലർകാലങ്ങളിൽ മീൻ പിടിക്കാനെത്തുന്നത്.
ഇതിനിടയിലാണ് മത്സ്യത്തിന്റെ സാന്നിധ്യം മനസ്സിലാക്കി ചവിട്ടു വലക്കാർ രംഗം കീഴടക്കുന്നത്. ഒരു ലക്ഷത്തോളം ചെലവാക്കി നിർമിക്കുന്ന ചവിട്ടു വലക്ക് 75 മീറ്റർ നീളമുണ്ടാകും. ഇതുപയോഗിച്ചാണ് മീൻപിടിത്തം. ഞായറാഴ്ച ഓരോ സംഘത്തിനും 350 കിലോ വരെയാണ് ചെമ്മീൻ ലഭിച്ചത്.
വീശു വലക്കാർക്കും മോശമല്ലാത്ത വിധം ചെമ്മീൻ ലഭിച്ചിട്ടുണ്ട്. കിലോക്ക് 100 രൂപയിൽ കൂടുതലാണ് ചെമ്മീന് ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
കിട്ടിയ ചെമ്മീൻ പെട്ടികളിലാക്കി ചിലർ പൊന്നാനിയിലും മറ്റു ചിലർ ബ്ലാങ്ങാട് ബീച്ചിലേക്കുമാണ് വിൽക്കാൻ കൊണ്ടുപോയത്. മൂന്ന് സംഘങ്ങളിലായി അഷ്റഫ് കിഴക്കൂട്ട്, കബീർ, നിസാർ, ഹംസ കുട്ടി ആലുങ്ങൽ, ഷിഹാബ് പുളിക്കൽ, ഷെർഹബീൽ കറുത്താക്ക, പ്രാശാന്ത്, നബീൽ, സഹദ്, അഹദ്, അലവി, പുതുപാറക്കൽ മുഹമ്മദ് ജബ്ബാർ, കരീം, ഹനീഫ കരുത്താക്ക, സുലൈമാൻ തുടങ്ങിയവരാണ് ചെമ്മീൻ പെയ്ത്തിൽ സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.