ഗുരുനാഥന് കുടപിടിച്ച മൂന്നാം ക്ലാസുകാരി നടന്നുകയറിയത് നാടിന്റെ ഹൃദയത്തിലേക്ക്
text_fieldsചാവക്കാട്: ശരീരത്തിന്റെ ഒരുവശം തളർന്ന് മറുകൈയിൽ ഊന്നുവടിയുമായി താമസസ്ഥലത്തേക്ക് നടക്കുകയായിരുന്ന ഗുരുനാഥന് മഴ നനയാതെ കുട ചൂടിക്കൊടുത്ത് മൂന്നാം ക്ലാസുകാരി ശിഷ്യ.കടപ്പുറം പഞ്ചായത്തിലെ കറുകമാട് നുസ്രത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ ഹസൻ മുസ്ലിയാർക്കാണ് മദ്റസയിലെ മൂന്നാം ക്ലാസ് വിദ്യാർഥി സിയാ മെഹ്റിൻ മഴ നനയാതിരിക്കാൻ കുടപിടിച്ച് താമസസ്ഥലത്തെത്തിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഹസൻ മുസ്ലിയാർ 37 വർഷത്തോളമായി കറുകമാട് മദ്റസയിലാണ് ജോലിചെയ്യുന്നത്. പക്ഷാഘാതത്തിൽ ശരീരത്തിന്റെ ഒരുഭാഗം തളർന്ന് ഇടതുകൈക്ക് പൂർണമായും കാലിന് ഭാഗികമായും സ്വാധീനക്കുറവുണ്ട്. കഴിഞ്ഞദിവസം മദ്റസ വിട്ട് കറുകമാട് പള്ളിക്ക് സമീപത്തെ താമസ സ്ഥലത്തേക്ക് നടക്കുന്നതിനിടയിൽ മഴയെത്തിയപ്പോഴാണ് ആരും പറയാതെ സിയാ മെഹറിൻ ഓടിയെത്തി കുട ഉയർത്തിയത്. ഇരുവരും നടന്നുപോകുന്നത് കണ്ട മദ്റസ പ്രധാനാധ്യാപകൻ ഉസ്മാൻ ഫൈസി ആ രംഗം മൊബൈലിൽ പകർത്തി.
സംഭവം അറിഞ്ഞ കറുകമാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സിയയെ ഉപഹാരം നൽകി അവൾ ചെയ്ത പ്രവൃത്തിയെ അനുമോദിച്ചു. മഹല്ല് ഖത്തീബ് അബുൽ ഫസൽ വാഫി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി. ഹസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ സിയാ മെഹ്റിന് മഹല്ല് കമ്മിറ്റിയുടെ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് എം.വി. ഹസനും ട്രഷറർ വി. അബൂബക്കറും സിയാ മെഹ്റിന് കാഷ് അവാർഡ് സമ്മാനിച്ചു. സദർ മുഅല്ലിം കെ. ഉസ്മാൻ ഫൈസി, അബൂബക്കർ മുസ്ലിയാർ, എ. കുഞ്ഞുമോൻ ഹാജി, വി.ടി. മുഹമ്മദ് ഹാജി, വി.പി. ഉമ്മർ ഹാജി, എം.സി. ഹുസൈൻ, എ. കരീം, കെ.വി. അഷ്റഫ്, എൻ. ഉബൈദ്, എൻ.സി. ഫാറൂഖ്, ഇബ്രാഹിം ഹാജി, മുസമ്മിൽ വാഫി എന്നിവർ ആ മൂന്നാം ക്ലാസുകാരിക്ക് ആശംസകൾ നേർന്നു. കറുകമാട് നാലകത്ത് ചാലക്കൽ ഫാറൂഖ്-ഷാഹിറ ദമ്പതികളുടെ മകളായ സിയാ മെഹ്റിൻ എ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. മുഹമ്മദ് ഇഹ്സാൻ, അഹമ്മദ് ഫൈസാൻ എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.