ചാവക്കാട് ഉപജില്ല ഗണിത ക്വിസ് മത്സരത്തിൽ ക്രമക്കേടെന്ന് ആക്ഷേപം
text_fieldsചാവക്കാട്: വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഗണിത ക്വിസ് മത്സരത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. ഇൻവിജിലേറ്റർമാർ നടത്തിയ ക്രമക്കേടിലും പക്ഷപാതപരവും വിദ്യാർഥി വിരുദ്ധവുമായ നടപടിയിലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്നാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം പരാതി നൽകി. വ്യാഴാഴ്ച രാവിലെ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ, മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കാണ് അധികൃതരിൽ നിന്ന് ദുരനുഭവമുണ്ടായത്. കഴിഞ്ഞവർഷം എൽ.എസ്.എസ് പരീക്ഷയിൽ 63 മാർക്ക് നേടി വിജയിച്ച വിദ്യാർഥിയാണിത്.
വ്യാഴാഴ്ച രാവിലെ പത്തിന് എൽ.പി വിഭാഗത്തിനും 11.30ന് യു.പി വിഭാഗത്തിനുമായിരുന്നു മത്സരം. എൽ.പി വിഭാഗത്തിൽ മന്ദലാംകുന്ന് സ്കൂൾ വിദ്യാർഥിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. യു.പി വിഭാഗത്തിൽ മത്സരം സമാപിച്ചപ്പോൾ അതേ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് 10 മാർക്കും മറ്റൊരു കുട്ടിക്ക് എട്ട് മാർക്ക്, മൂന്നാം സ്ഥാനത്തിന് അഞ്ച് മാർക്ക് എന്ന രീതിയിൽ സ്കോർബോർഡിൽ കുട്ടികളുടെ നമ്പറുകൾക്ക് നേരെ നേടിയ സ്ഥാനം രേഖപ്പെടുത്തുകയും ചെയ്തു.
മത്സരം അവസാനിച്ചന്ന് കരുതി വിദ്യാർഥികൾ പിരിഞ്ഞുപോകുകയും ചെയ്തു. എന്നാൽ മൂന്നാം സ്ഥാനത്തിന് പോയിൻറ് സമാസമം വന്നതിന്റെ അടിസ്ഥാനത്തിൽ മത്സരം പ്രതീക്ഷിച്ചു നിൽക്കുന്നവരെ ഞെട്ടിച്ചുകൊണ്ട്, ഇൻവിജിലേറ്റേഴ്സ് ഒന്നാംസ്ഥാനത്തുള്ള കുട്ടിയെ മാറിമാറി ചോദ്യം ചെയ്യുകയും കുട്ടിയോട് ഉത്തരങ്ങളുടെ വിശദീകരണങ്ങൾ ചോദിക്കുകയും കുട്ടിയെ മാനസികമായി പ്രയാസപ്പെടുത്തുകയുമാണുണ്ടായത്. കുട്ടി സമയം കഴിഞ്ഞശേഷം ഉത്തരം എഴുതിയെന്ന് ആരോപണം ഉന്നയിച്ച്, ഡിസ്ക്വോളിഫൈ ആണോ റീ ടെസ്റ്റ് ആണോ ടൈബ്രേക്കർ മത്സരം ആണോ എന്നൊന്നും കൃത്യമായി വ്യക്തമാക്കാതെ വീണ്ടും അഞ്ചു കുട്ടികളെ വെച്ച് 10 ചോദ്യങ്ങൾ ചോദിച്ച് മത്സരം നടത്തുകയുമുണ്ടായി.
മാനസീക പീഡനത്തിൽ തകർന്ന കുട്ടിക്ക് 10 ചോദ്യം കഴിഞ്ഞും ഒരു മാർക്കും നേടാൻ കഴിയാതെ വന്നു.
മൂന്നോ നാലോ ചോദ്യങ്ങൾ ശരിയാക്കി സ്കോർ ഷീറ്റിൽ ഒന്നാമത് വന്നത് മുതൽ ഈ കുട്ടിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കുട്ടി നിയമലംഘനം നടത്തിയിട്ടുണ്ട് എന്നും അതിനാലാണ് ഞങ്ങൾ കുട്ടിയോട് വിശദീകരണം ചോദിച്ചതെന്നുമാണ് കുട്ടിയുടെ എസ്കോർട്ട് അധ്യാപികക്ക് ലഭിച്ച വിശദീകരണം.
ക്വിസ് മത്സരത്തിൽ നിയമവിരുദ്ധമായത് കണ്ടാൽ അപ്പോൾ തന്നെ അയോഗ്യത ചെയ്യുകയോ മുന്നറിയിപ്പ് നൽകുകയൊ ചെയ്യാതെ അവസാനം വരെ നിരീക്ഷിച്ചു എന്നാണ് ഇതുവഴി മനസ്സിലാകുന്നത്.
ഇൻവിജിലേറ്റേഴ്സ് ചാവക്കാട് ഉപജില്ലക്കാർ ആണെന്നുള്ളത് ഗൗരവതരമാണ്. ചാവക്കാട് ഉപജില്ലയിൽ സ്ഥിരമായി മത്സരങ്ങൾ നിയന്ത്രിക്കുന്ന കോക്കസ് പ്രവർത്തിക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
സയൻസ് ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ പങ്കെടുത്ത് 11 സ്കോർ നേടി ഏറ്റവും ടോപ്പിൽ എത്തിയ മറ്റൊരു കുട്ടിയെ ഓരോ അക്ഷരത്തെറ്റിനും അര മാർക്ക് കുറച്ച് ആറര മാർക്കിൽ എത്തിച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ വിചിത്രമായ വിധിക്കും വ്യാഴാഴ്ച ഉപജില്ല മത്സര വേദി സാക്ഷിയായതായി അസീസ് പറഞ്ഞു.
മന്ത്രിക്ക് പുറമെ പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, എ.ഇ.ഒ എന്നിവർക്കുമാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.