ബിജു വധം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസിൽ പ്രതികളായ മണത്തല പരപ്പിൽ താഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നിവരുമായി തെളിവെടുപ്പ് നടത്തി. കേസിലെ ഒന്നാം പ്രതി അനീഷിൻെറ മണത്തല പരപ്പിൽതാഴത്തെ വീട്ടിലും ബിജു കുത്തേറ്റ് വീണ ചാപ്പറമ്പ് റോഡ് വക്കിലുമാണ് തെളിവെടുപ്പ് നടത്തിയത്.
ശനിയാഴ്ച്ച വൈകിട്ട് 4.15 ഓടെയാണ് പ്രതികളുമായി ചാപ്പറമ്പിലെ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. ചാപ്പറമ്പിൽ കൃത്യം നടത്തിയ രീതി പൊലീസിനോട് പ്രതികൾ വിവരിച്ചു.വെള്ളിയാഴ്ച്ചയാണ് പ്രതികളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് നാലരയോടെയാണ് മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻെറ മകൻ ബിജു (40) കുത്തേറ്റ് മരിച്ചത്. പ്രതികൾ മൂന്ന് പേരും ഒരു ബൈക്കിലെത്തിയാണ് ബിജുവിനെ ആക്രമിച്ചത്. പിറ്റേ ദിവസം തിങ്കളാഴ്ച്ച തന്നെ ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ മൂന്ന് പേരേയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ബിജുവിൻെറ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറുമായി പ്രതികൾ തർക്കം നടന്നിരുന്നു. ഇതേ തുടർന്നാണ് സംഭവവുമായി ബന്ധമില്ലാത്ത ബിജുവിനെ കുത്തിയത്.
രണ്ട് മാസം മുമ്പ് ഗൾഫിൽ നിന്നെത്തിയ ബിജു തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ട് പെട്ടികളിലായി സൂക്ഷിച്ച പ്രാവുകളെ വിൽക്കാൻ റോഡ് സൈഡിൽ നിന്നതായിരുന്നു ബിജു.പ്രതികളിൽ അനീഷ്, വിഷ്ണു എന്നിവർ എസ്.ഡി.പി ഐ അനുഭാവികളാണ്. എന്നാൽ സംഭവത്തിന് രാഷ്രീയവുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതികളുടെ രാഷ്ട്രീയം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച്ച പ്രതികളുമായുള്ള തെളിവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല.
ശക്തമായ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. മെഡിക്കൽ കോളജ് സി.ഐ. സി. ജോസ്, ചാവക്കാട് എ.എസ്.ഐ. മാരായ സജിത്ത് കുമാർ, ബിന്ദു രാജ്, ബാബു, എസ്.ഐ. ഒ.പി. അനിൽകുമാർ, വനിത സി.പി.ഒ സുമി, സി.പി.ഒമാരായ രാജേഷ്, എസ്. ശരത്, ആശിഷ്, പ്രജീഷ്,താജി എന്നിവർ പ്രതികൾക്കൊപ്പം തെളിവെടുപ്പിന് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.