അഞ്ച് ടൺ മത്സ്യം പിടിച്ചെന്ന വാർത്ത;അധികൃതർക്കെതിരെ വള്ളം ഉടമ
text_fieldsചാവക്കാട്: എടക്കഴിയൂർ കടലിൽ മത്സ്യബന്ധന വള്ളത്തിൽനിന്ന് അഞ്ച് ടൺ ചെറു മത്സ്യം പിടിച്ചെടുത്തുവെന്നത് അടിസ്ഥാനമില്ലാത്തതാണെന്ന് വള്ളം ഉടമ താനൂർ സ്വദേശി വി.എസ്.എം. അബ്ദുൽ ജലാൽ. തിങ്കളാഴ്ച ഫിഷറീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ട വാർത്തക്കുറിപ്പിലാണ് എടക്കഴിയൂർ തീരത്തുനിന്ന് അഞ്ച് ടൺ അയല ഇനത്തിൽ പെടുന്ന 10 സെന്റിമീറ്ററിനു താഴെയുള്ള മത്സ്യം പിടിച്ചെടുത്തതായി അറിയിപ്പുണ്ടായത്. എന്നാൽ, ആകെ 150 കിലോ ചെറുമത്സ്യമാണ് ഫിഷറീസ് അധികൃതർ കണ്ടെത്തിയതെന്നാണ് അബ്ദുൽ ജലാൽ പറയുന്നത്. ചെമ്മീൻ പിടിക്കാൻ വിരിച്ച വലയിൽ കുടുങ്ങിയതാണ് ഈ മത്സ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ജലാൽ ഉയർത്തുന്നത്. എൻജിൻ അടിച്ചുപൊളിച്ച ശേഷമാണ് രണ്ട് എൻജിൻ അധികൃതർ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് ജലാലിന്റെ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
എടക്കഴിയൂർ കടപ്പുറത്തെ മത്സ്യം ലേലം ചെയ്യുന്ന തരകൻമാർക്കിടയിലെ വാശിയും വൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും പിടികൂടിയവയിൽ 13 സെന്റീമീറ്റർ വലുപ്പമുള്ള മത്സ്യമുണ്ടായിരുന്നുവെന്നും ജലാൽ പറഞ്ഞു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും ജലാൽ പറഞ്ഞു. ബുധനാഴ്ചയാണ് തൃശൂരിലേക്ക് ജലാലിനെ ഫിഷറീസ് അധികൃതർ വിളിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.