മഹിള കോൺഗ്രസ് നേതാവ് വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് പണം തിരിമറി ചെയ്തെന്ന് കേസ്
text_fieldsചാവക്കാട്: മഹിള കോൺഗ്രസ് നേതാവ് വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് പണം തിരിമറി ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി സുബൈദ പാലക്കലിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. എടക്കഴിയൂർ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പണം പ്രസിഡൻറ് കൂടിയായ സുബൈദ തിരിമറി ചെയ്തതായാണ് പരാതി. സംഘം സെക്രട്ടറിയും മഹിള കോൺഗ്രസ് നേതാവുമായ ആരിഫ ഫാറൂഖിന്റെ പരാതിയിലാണ് കേസ്.
സംഘത്തിന്റെ പണമിടപാടുകൾക്ക് വേണ്ടി കേരള ബാങ്ക് എടക്കഴിയൂർ ശാഖയിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ ആരംഭിച്ച ജോയന്റ് അക്കൗണ്ടിൽനിന്ന് സെക്രട്ടറി അറിയാതെ ചെക്കിൽ വ്യാജ ഒപ്പിട്ട് പ്രസിഡന്റ് പണമിടപാട് നടത്തിയെന്നാണ് പരാതി.
ഈ രീതിയിൽ മുമ്പും സെക്രട്ടറി അറിയാതെ പണമിടപാട് നടത്തിയതായും ആരോപണമുണ്ട്. എടക്കഴിയൂരിൽ 2023 ജനുവരിയിലാണ് സംഘം പ്രവർത്തനം ആരംഭിച്ചത്. സുബൈദ പാലക്കൽ, ആരിഫ ഫാറൂഖ് എന്നിവർക്ക് പുറമെ, വൈസ് പ്രസിഡന്റ് മുജീബ് പുളിക്കുന്നത്തും രാധാകൃഷ്ണൻ, അഷ്റഫ്, മൊയ്ദീൻകോയ, മുഹമ്മദ് റാഫി, ബിന്ദു, അഞ്ജന എന്നിവർ ബോർഡ് അംഗങ്ങളുമാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി എടക്കഴിയൂർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ പ്രസിഡൻറും സെക്രട്ടറിയും തമ്മിൽ തുടങ്ങിയ പോരിന്റെ അവസാനമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. പ്രസിഡൻറ് ഏകാധിപതിയായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് ബോർഡിലെ നാല് അംഗങ്ങൾ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ജൂൺ ഏഴിന് സ്ഥിരമായി മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെന്നും കാരണം കാണിക്കണമെന്നുമാവശ്യപ്പെട്ട് സെക്രട്ടറി ആരിഫ ഫാറൂഖ് ഉൾപ്പെടെ മൂന്ന് അംഗങ്ങൾക്ക് നോട്ടിസ് അയച്ചിരുന്നു.
എന്നാൽ, സെക്രട്ടറി സ്ഥിരമായി യോഗത്തിൽ പങ്കെടുക്കുന്നയാളാണ്. മറ്റു രണ്ട് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ വ്യക്തമായ കാരണം കാണിച്ചിരുന്നുവെന്നും പറയുന്നു. ഇക്കാര്യം മറച്ചുവെച്ച് പ്രസിഡന്റ് മൂന്ന് പേരുടെയും അംഗത്വം നഷ്ടപ്പെടുത്തിയത്രെ. അതേസമയം സ്ഥിരമായി യോഗത്തിൽ പങ്കെടുക്കാത്ത രണ്ട് അംഗങ്ങൾക്ക് ഇത്തരത്തിൽ രജിസ്റ്റർ അയച്ചിട്ടുമില്ലെന്നാണ് ആരോപണം.
മിനുറ്റ്സ് ബുക്ക് പരിശോധിച്ചപ്പോൾ ഇവർക്ക് വേണ്ടി വ്യാജ ഒപ്പിട്ടതായി കണ്ടെത്തിയെന്നുമാണ് ആരിഫയുടെ വാദം. ഇക്കാര്യം ചോദ്യം ചെയ്ത സെക്രട്ടറി ആരിഫക്കെതിരെ സംഘത്തിന്റെ ഓഫിസിൽ അതിക്രമിച്ചു കയറി എന്ന് ആരോപിച്ച് കഴിഞ്ഞമാസം സുബൈദ ചാവക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സെക്രട്ടറി ആരിഫയും മറ്റ് മൂന്ന് അംഗങ്ങളും സംഘത്തിൽ ഒരു കാര്യത്തിനും പോകാറില്ല. അതിനിടയിലാണ് വ്യാജ ഒപ്പിട്ട് പണം മാറിയെന്നത് കണ്ടെത്തുന്നത്. സെക്രട്ടറി ആരിഫയെ പുറത്താക്കിയെന്ന് പറയുമ്പോഴും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.