ചാവക്കാട് - ഒരുമനയൂർ റോഡ് തകർന്നു; ജനം ദുരിതത്തിൽ
text_fieldsചാവക്കാട്: ദേശീയപാത ചാവക്കാട് - ഒരുമനയൂർ റോഡ് തകർന്ന് ജനം ദുരിതത്തിൽ. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് ഭർത്താവിന് പരിക്കേറ്റു. ചാവക്കാട് തെക്കെ ബൈപാസ് മുതല്‍ ഒറ്റത്തെങ്ങ് വരെയുള്ള റോഡാണ് പൂർണമായും തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ടത്.
ഇടക്കിടെ പെയ്യുന്ന മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞ് ഗതാഗതം ദുരിതമാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, പുതുതായി വിരിച്ച കട്ടകളും അടർന്ന നിലയിലാണ്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ പല വാഹനങ്ങളും കുഴിയിലേക്ക് വീഴുന്നു. നിരവധി വാഹനങ്ങളാണ് ഇവിടെ കുഴിയിൽ ചാടി അപകടത്തിൽപെടുന്നത്.
ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇടവഴിക്കൽ വീട്ടിൽ ബഷീറിനാണ് (44) പരിക്കേറ്റത്. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
കുഴിയിൽ വീണ് വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നത് പതിവാണ്. കോഴിക്കാട് - കൊച്ചി മേഖലയിലേക്ക് ചരക്കുകളുമായി ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഗതാഗത തടസ്സവും വർധിച്ചിട്ടുണ്ട്. ഈ വഴി കടന്നുപോകാൻ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കണം.
റോഡിന് വീതി കുറഞ്ഞതിനാൽ കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും സ്കൂൾ വിദ്യാർഥികൾക്കും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണി നടത്തിയതിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാർ പറയുന്നു. കോടികൾ ചെലവിട്ടാണ് റോഡ് നിർമിക്കുന്നത്.
എല്ലാം വെറുതെയാവുന്നു. റോഡ് നിർമാണത്തിന്റെ പേരിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണം പതിവാണ്. റോഡ് തകർന്നതായി പരാതി ഉയർന്നാൽ ഓരോ മാസവും മിനുക്കുപണികളും അറ്റകുറ്റപ്പണിയും നടത്തും. എന്നാൽ, റോഡ് വീണ്ടും തകർന്ന് തരിപ്പണമാവുന്ന കാഴ്ചയാണ്.
കഴിഞ്ഞമാസമാണ് ഗതാഗതം ഭാഗികമായി തടഞ്ഞ് അറ്റകുറ്റപ്പണി നടത്തിയത്. റോഡിലെ കാനകൾ അടഞ്ഞുകിടക്കുന്നതിനാൽ മഴ വെള്ളം ഒഴുകി വീടുകളിൽ വെള്ളക്കെട്ടും രൂക്ഷമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.