ചാവക്കാട് നഗരം കാഴ്ചയില്ലാത്ത കാമറകളുടെ ‘നിരീക്ഷണത്തിൽ’
text_fieldsചാവക്കാട്: നഗത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ. കെ.വി. അബ്ദുൾ ഖാദര്‍ എ.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് ചാവക്കാട് നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് പരിപാലനമില്ലാതെ നോക്കുകുത്തികളായി മാറിയത്.
റോഡ് തകർന്നും വാഹനങ്ങൾ ഇടിച്ചും കാമറകൾ സ്ഥാപിച്ച കാലുകൾ മുറിഞ്ഞുവീണും കേബിളുകൾ വലിഞ്ഞുമുറുകിയുമൊക്കെയാണ് പലതിന്റെയും പ്രവർത്തനം നിലച്ചത്. ട്രാഫിക് ഐലൻഡ്, നഗരസഭ കെട്ടിടത്തിനു മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവിടങ്ങളിൽ 360 ഡിഗ്രി തിരിയുന്ന കാമറകളുൾപ്പെടെ 18 എണ്ണമാണ് ഉദ്ഘാടന വേളയിൽ പ്രവർത്തിച്ചിരുന്നത്.
പൊലീസ് സ്റ്റേഷനിൽ ഇരുന്നാൽ അവിടെയുള്ള രണ്ട് മോണിറ്ററുകളിലായി നഗരത്തിലെ ഏത് ചലനവും കാണാമായിരുന്നു. എന്നാൽ, ഇന്ന് രണ്ട് മോണിറ്ററുകളും പ്രവർത്തനരഹിതമാണ്. കാമറ സ്ഥാപിച്ചത് എ.എല്‍.എ ഫണ്ടിൽനിന്നാണെങ്കിലും അവയുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ആരെയും രേഖാമൂലം ചുമതപ്പെടുത്തിയിട്ടില്ല.
എന്നാല്‍, എം.എല്‍.എ ഫണ്ട് വഴി ലഭിക്കുന്ന വസ്തുക്കളും സ്ഥാപനങ്ങളും ഏത് സ്ഥാപനത്തിനാണോ ലഭിക്കുന്നത് അവർക്കാണ് നടത്തിപ്പിനും പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ചുമതല. എം.എല്‍.എ ഫണ്ട് വഴി സ്കൂളുകള്‍ക്ക് ലഭിച്ച വാഹനങ്ങളും കെട്ടിടങ്ങളും പരിപാലിക്കുന്നത് സ്കൂള്‍ അധികൃതരാണ്.
ഈ രീതിയില്‍ പൊലീസിനു നല്കിയ കാമറകളും അനുബന്ധ വസ്തുക്കളും നോക്കി നടത്തേണ്ടതും പരിപാലിക്കേണ്ടതും പൊലീസാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, ഇതേക്കുറിച്ച് വ്യക്തമായ ധാരണ പൊലീസിനുമില്ല.
നഗരത്തിലും ദേശീയപാതയിലും സംസ്ഥാന പാതകളിലുമായി നിയമവിരുദ്ധ പ്രവർത്തനങ്ങളും അപകടങ്ങളുമുണ്ടാകുമ്പോൾ അവ കണ്ടെത്താനും നിർത്താതെ പോകുന്ന വാഹനങ്ങൾ തിരിച്ചറിഞ്ഞ് പിടികൂടാനും കഴിയാത്ത സാഹചര്യമാണിപ്പോൾ. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ച കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ തേടിപ്പോകേണ്ട സാഹചര്യമാണ്.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സർക്കാർ മണത്തല ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച എ.ഐ കാമറകളും ഇപ്പോൾ അപ്രത്യക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.