കടപ്പുറത്ത് കടലാക്രമണം; പരിഹാരം അകലെ പഴയ ടെലിഫോൺ ബൂത്തും ഓർമയായി
text_fieldsചാവക്കാട്: കടപ്പുറത്ത് വീണ്ടും കടലാക്രമണം. പഴയ ടെലിഫോൺ ബൂത്ത് തകർന്നു. അടുത്തയിടെയുണ്ടായ കടലാക്രമണങ്ങളിൽ കെട്ടിടത്തിന്റെ അടിത്തറയിളകി കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ആഞ്ഞടിച്ച തിരകളിൽ കെട്ടിടം പതനത്തിന്റെ വക്കിലെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് കെട്ടിടം പൂർണമായി തകർന്നു വീണത്. ഇനി തീരദേശ പാതയിലേക്ക് പത്ത് മീറ്റർ മാത്രമേയുള്ളു. കടലാക്രമണം രൂക്ഷമാകുമ്പോഴൊക്കെ പാതയും കടന്ന് കടൽ ഒഴുകാറുണ്ട്.
ഭീതിതമാണ് കടലാക്രമണക്കാഴ്ച. പത്ത് മുപ്പത് വർഷം കൊണ്ട് കിലോമീറ്ററോളമാണ് തിരിച്ചുകിട്ടാത്ത വിധം കരയെടുത്തത്. അതിൽ കൃഷിസ്ഥലവും പാടവുമുണ്ടായിരുന്നതായി പറയുന്നു. കടലിൽ ഇടക്കിടെ പുലിമുട്ടുകളും കടപ്പുറത്ത് ടെട്രാപോഡുകളും സ്ഥാപിച്ചാൽ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പക്ഷേ, ഈ രോദനത്തിനൊന്നും അധികാരികൾ ചെവി കൊടുക്കുന്നില്ല. കോളനിപ്പടി മുതൽ തൊട്ടാപ്പ് വരെ കടൽഭിത്തി തകരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചിലയിടങ്ങളിൽ ജിയോ ബാഗ് സ്ഥാപിച്ചത് വൃഥാവിലായി. പകരം ഭിത്തി സ്ഥാപിക്കാൻ അധികൃതർ ശുഷ്കാന്തി കാണിക്കുന്നുമില്ല. കടലാക്രമണകാലത്ത് മാത്രമാണ് അധികൃതർ ഉണരുന്നത്. കടൽ ശാന്തമായാൽ നടപടിക്രമങ്ങളും നിശ്ചലമാകലാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.