ചാവക്കാട് നഗരസഭ ബജറ്റ്; മള്‍ട്ടിപ്ലക്സ് തിയറ്റര്‍ നിർമാണത്തിന് അഞ്ചുകോടി
text_fieldsചാവക്കാട്: ടൗൺ ഹാളിനോട് ചേർന്ന് ആധുനിക രീതിയിലുള്ള മള്‍ട്ടി പ്ലക്സ് തിയറ്റര്‍ നിർമാണത്തിന് അഞ്ചുകോടി രൂപ വകയിരുത്തി ചാവക്കാട് നഗരസഭ ബജറ്റ്. 102.51 കോടി രൂപ വരവും 100.04 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.കെ. മുബാറക് അവതരിപ്പിച്ചു. 2.47 കോടിയാണ് നീക്കിയിരിപ്പ്.
നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ മുഴുവന്‍ പേര്‍ക്കും ഭവനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി തിരുവത്ര മുട്ടില്‍ പ്രദേശത്ത് ഫ്ലാറ്റ് നിർമിക്കാൻ മൂന്നുകോടി രൂപ വകയിരുത്തി. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ ഏജന്‍സികളുടെയും സഹായം ലഭ്യമാക്കാൻ ഇടപെടൽ നടത്തും. നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാനും പൊതുവിഭാഗം ഉള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും 100 ശതമാനം സബ്സിഡിയോടുകൂടി ഹൗസ് കണക്ഷന് ലഭ്യമാക്കാനും 10.5 കോടി വകയിരുത്തി.
കാർഷിക രംഗത്ത് വിവിധ പദ്ധതികൾക്കായി ഒരു കോടി വകയിരുത്തി. മുട്ടില്‍ മത്തിക്കായല്‍ പാടശേഖരത്തില്‍ നെല്‍കൃഷിയും ഇടവിള കൃഷിയും നടത്തും. തീരപ്രദേശത്ത് തീറ്റപ്പുല്‍കൃഷി, കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗപ്പെടുത്തി ആട് വളര്‍ത്തല്‍ യൂനിറ്റുകള്‍, കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റി പുതിയവ നടുന്നതിന് ധനസഹായം എന്നിവ നടപ്പാക്കും. ചാവക്കാടന്‍ മുരിങ്ങ, പപ്പായ, കൂര്‍ക്ക, കൊള്ളി തുടങ്ങിയവയുടെ ഉൽപാദനത്തിനും വിപണനത്തിനും പുതിയ കുടുംബശ്രീ യൂനിറ്റുകളെ തെരഞ്ഞെടുക്കും. കര്‍ഷകമിത്ര പദ്ധതി കൂടുതല്‍ വിപുലീകരിക്കും.
ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായി വാഴകൃഷി വികസനത്തിന് എട്ട് ലക്ഷം രൂപ വകയിരുത്തി. നഗരസഭ കുടുംബശ്രീയുടെ കീഴിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി നീക്കിവെച്ചു. നഗരസഭ വാതക ശ്മശാന വികസനത്തിനായി രണ്ടുകോടിയുണ്ട്. കനോലി കനാലിനോട് ചേര്‍ന്ന് നടപ്പാത, ഫുഡ്കോര്‍ട്ട്, കനോലി കനാലില്‍ പെഡല്‍ ബോട്ട്, ടൂറിസം മേഖലയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയവക്കായി അഞ്ച് കോടിയുണ്ട്. യോഗത്തിൽ ചെയര്പേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബജറ്റിൽ വ്യാഴാഴ്ച ചർച്ച നടക്കും. സംസ്ഥാന സർക്കാർ ബജറ്റിൽ നഗരസഭ ഓഫിസ് കെട്ടിടത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചാവക്കാട് മിനി സിവിൽ സ്റ്റേഷന്റെ എതിർവശത്ത് നഗരസഭ ഗ്രൗണ്ടിലാണ് ടൗൺ ഹാൾ നിർമിക്കുക. ഈ വർഷം തന്നെ പദ്ധതി തയാറാക്കുമെന്ന് പിന്നീട് നടന്ന വാർത്തസമ്മേളനത്തിൽ ചെയർമാനും വൈസ് ചെയർമാനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.