സഹോദരനെതിരായ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് യുവാവിനേയും മാതാവിനേയും മർദിച്ചെന്ന്
text_fieldsചാവക്കാട്: എടക്കഴിയൂരിൽ യുവാവിനേയും വയോധികയായ മാതാവിനേയും പൊലീസ് മർദ്ദിച്ചതായി പരാതി. എടക്കഴിയൂർ ഖാദരിയ പള്ളിക്ക് സമീപം അയ്യത്തയിൽ വീട്ടിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ (85), മകൻ നൗഫർ (42) എന്നിവരാണ് പൊലീസ് മർദിച്ചെന്ന് കാട്ടി ചാവക്കാട് രാജ ആശുപത്രിയിൽ ചികിത്സ തേടിയത്.
നൗഫറിൻെറ ജ്യേഷ്ഠൻ നാസറിനെതിരെ ചാവക്കാട് പൊലീസിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. ടു വീലർ വർക്ക്ഷോപ്പ് നടത്തുന്ന നാസറിനെതിരെ വാഹനം റിപ്പയറിങ്ങിന് നൽകിയ ബ്ലാങ്ങാട് സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണവുമായി ബന്ധപെട്ട് നൗഫറിനെ പൊലീസ് വിളിച്ചിരുന്നു. നാസർ കണ്ണൂരിലെ ഭാര്യ വീട്ടിലാണെന്നും വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ എന്നും നൗഫർ പൊലീസിനെ അറിയിച്ചു.
ഞായറാഴ്ച്ച പൊലീസ് വീണ്ടും വിളിക്കുകയും നൗഫറിനോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവറായി ജോലി ചെയ്യുന്ന നൗഫർ തനിക്ക് മത്സ്യത്തൊഴിലാളികളെ ഹാർബറിൽ കൊണ്ടുവിടേണ്ടതുണ്ടെന്നും ഇപ്പോൾ വരാൻ കഴിയില്ലെന്നും അറിയിച്ചു. എങ്കിൽ നിന്നെ വീട്ടിൽ വന്ന് കണ്ടോളാം എന്ന് ഭീഷണി മുഴക്കിയാണ് പൊലീസ് ഫോൺ വെച്ചതെന്ന് നൗഫർ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ 10ഓടെ ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിൻെറ നേതൃത്വത്തിൽ പൊലീസ് പരാതിക്കാരനുമായി വീട്ടിലെത്തിയാണ് നൗഫറിനെ മർദിച്ചത്. കഴുത്തിൽ പിടിച്ച് മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വയോധികയായ മാതാവിനെയും പൊലീസ് മർദിച്ചതായാണ് പരാതി. ബഹളം കേട്ട് എത്തിയ നൗഫറിൻെറ ബന്ധുക്കളെ അസഭ്യം പറയുകയും ചെയ്തു. മർദ്ദിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തെന്ന് വീട്ടുകാർ പറഞ്ഞു.
സംഭവത്തിൽ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. പൊലീസിൻെറ ഇത്തരത്തിലുള്ള അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സുലൈമു വലിയകത്ത് അറിയിച്ചു. അതേസമയം നൗഫറിനേയും വയോധികയായ മാതാവിനേയും മർദ്ദിച്ചെന്ന ആരോപണം ചാവക്കാട് എസ്.എച്ച്. ഒ സെൽവകുമാർ നിഷേധിച്ചു. കേസന്വേഷണത്തിൻെറ ഭാഗമായാണ് നൗഫറിൻറ വീട്ടിൽ പോയതെന്നും വിവരങ്ങൾ അന്വേഷിച്ചപ്പോൾ വീട്ടുകാർ പൊലീസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.