ചാവക്കാട് പൊലീസ് സ്റ്റേഷൻ 106ാം വർഷത്തിലേക്ക്
text_fieldsചാവക്കാട്: 106ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ചാവക്കാട് പൊലീസ് സ്റ്റേഷന്റെ ആരംഭത്തെക്കുറിച്ച് സംശയം ബാക്കിനിൽക്കുന്നു. 1917 നവംബർ 25നാണ് ചാവക്കാട്ട് ആദ്യമായി പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതെന്ന രേഖയെ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ് വെളിയങ്കോട് ഉമർ ഖാദിയുടെ ലോക്കപ്പ് കാലഘട്ടം.
മദ്രാസ് ആർക്കൈവ്സിൽനിന്ന് ചാവക്കാട് പൊലീസ് സ്റ്റേഷൻ സ്ഥാപിതമായ വർഷത്തെക്കുറിച്ച് ലഭിച്ച രേഖയാണ് 105 വർഷം പൂർത്തിയായതിനുള്ള തെളിവായി പറയുന്നത്. കൂടാതെ 1951ല്‍ പുറത്തിറങ്ങിയ സർക്കാർ ഗസറ്റിലും ഈ വിവരമുണ്ട്.
അന്ന് മണത്തല പൊലീസ് സ്റ്റേഷൻ എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിൽ ഒരു ഹെഡ് കോൺസ്റ്റബിളും ഏഴ് പൊലീസുകാരുമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത് ഇപ്പോഴത്തെ സബ് ജയിലിനോട് ചേർന്ന വലത് ഭാഗത്തെ കുടുസ്സായ മുറിയിലായിരുന്നു.
ഈ സ്ഥാപനത്തിന് 100 വർഷം തികയുമ്പോൾ സമീപത്തെ സബ് ജയിലിന് രേഖയനുസരിച്ച് 109 വർഷത്തെ പഴക്കമുണ്ടെന്നാണ് മുമ്പ് ഇവിടെ സേവനമുനുഷ്ടിച്ച ചില ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരം. മാത്രമല്ല, മണത്തല സ്റ്റേഷൻ എന്ന പേരിലാണ് ഈ സ്ഥാപനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ ജില്ല പൊലീസിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ 1917 നവംബർ 25ന് ചാവക്കാട് പൊലീസ് സ്റ്റേഷൻ എന്ന പേരിലാണെന്നാണ്.
ഇത്തരം ചെറിയ ആശയക്കുഴപ്പം നിലനിൽക്കുമ്പോഴാണ് ചാവക്കാട് ജയിലിനിനും ലോക്കപ്പ് മുറിക്കും പിന്നെയും ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം ഉമർ ഖാദിയിലൂടെ പറയാനുണ്ടെന്നത് പ്രസക്തമാകുന്നത്.
ലഭ്യമായ രേഖകൾ വെച്ച് നോക്കിയാൽ 1819 ഡിസംബർ 17നാണ് ഉമർ ഖാദിയെ ചാവക്കാട് ജയിലിലിട്ടതെന്ന് വ്യക്തമാകുന്നു. അക്കാലത്ത് പൊലീസും ജയിലും ലോക്കപ്പും സർക്കിൾ ഇൻസ്പെക്ടറുമുണ്ടായിരുന്നുവെന്നാണ് ഉമർ ഖാദിയുടെ ചരിത്രം ഓർമിപ്പിക്കുന്നത്.
ശതാബ്ദി ആഘോഷ പ്രഖ്യാപനങ്ങൾ യാഥാർഥ്യമായില്ല
ചാവക്കാട്: അഞ്ചുവർഷം മുമ്പ് സ്റ്റേഷന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഉദ്ഘാടകനായ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ച മൂന്നിന പദ്ധതികൾ യാഥാർഥ്യമായില്ല. മക്കൾ വിദേശത്തായതിന്റെ പേരിൽ വീടുകളിൽ തനിച്ചാവേണ്ടി വരുന്ന മുതിർന്ന പൗരന്മാർക്കായി സുരക്ഷ കേന്ദ്രം നിർമിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് സമൂഹം സ്വീകരിച്ചത്.
അടുത്ത രണ്ട് പദ്ധതികൾ പൊലീസും ജനപ്രതിനിധികളും കൂടി ആലോചിച്ച് അറിയിക്കാനായിരുന്നു ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികൾക്കും പ്രവാസികൾക്കും ഗുണകരമായ രീതിയിലാകണം ഈ രണ്ട് പദ്ധതികളെന്ന നിർദേശവും അദ്ദേഹം നൽകി. എന്നാൽ, പിന്നീടൊരു ചലനവും ഉണ്ടായില്ല.
തിരക്കുപിടിച്ച ചാവക്കാട് നഗരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ ഫ്ലൈഓവർ നിർമിക്കുന്ന കാര്യം ആലോചിക്കണമെന്ന് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഇപ്പോൾ നിയമസഭ സാമാജികനാണ്. ഫ്ലൈ ഓവർ നിർമിക്കുന്ന കാര്യം അദ്ദേഹവും മറന്നു.
ചാവക്കാട് പൊലീസ് സ്റ്റേഷനിൽനിന്നുള്ള സേവനം ജനങ്ങൾക്ക് ശരിക്കും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ എം.എൽ.എ അധ്യക്ഷനായി സിറ്റിസൺ വിജിലൻസ് കമ്മിറ്റിയുണ്ടാക്കുമെന്നും ഈ കമ്മിറ്റി ജില്ല പൊലീസ് മേധാവി, മേഖല ഐ.ജി എന്നിവരിലൂടെ സമർപ്പിക്കുന്ന റിപ്പോർട്ട് താൻ പഠിച്ച് തുടർനടപടിക്ക് ആലോചിക്കുമെന്നും പൊലീസ് മേധാവി പ്രഖ്യാപിച്ചിരുന്നു.
ശതാബ്ദി ആഘോഷത്തിൽ സ്ഥാപിച്ചതാണ് ഗാന്ധിജിയുടെ അർധകായ പ്രതിമ. സുരേഷ് ഡാവിഞ്ചിയുടെ കരവിരുതിൽ പിറവിയെടുത്ത ഈ പ്രതിമ മാത്രം യാഥാർഥ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.