ചാവക്കാട്ട് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതിക്ക് തുടക്കം
text_fieldsചാവക്കാട്: നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനി മുതൽ സ്മാർട്ടാകും. നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ പദ്ധതി ആരംഭിച്ചു.
സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ നടപ്പാക്കുന്നത്. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കുള്ള പരാതി, പരിഹാര സെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ മേഖലയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയാണ് ഹരിതമിത്രം ആപ്പ്.
മാലിന്യം ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ.ആർ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതിയിലൂടെ ഹരിത കർമസേനാംഗങ്ങൾക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിത കർമസേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും ഇതിലൂടെ അറിയാനാകും.
ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. വിശ്വനാഥൻ, കൗൺസിൽ അംഗങ്ങളായ കെ.പി. രഞ്ജിത് കുമാർ, അക്ബർ കൊനോത്ത്, കെ.വി. ഷാനവാസ്, മഞ്ജു സുഷിൽ, ബേബി ഫ്രാൻസിസ്, ഫൈസൽ കാനാമ്പുള്ളി, ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി തസ്‌ലീന തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.