തീരദേശപാത നിർമാണം: ഒരാഴ്ചക്കകം വിശദ സ്കെച്ച് നൽകണം -എം.എൽ.എ
text_fieldsചാവക്കാട്: തീരദേശ പാത നിർമ്മാണത്തിന്റെ വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് എൻ.കെ. അക്ബർ എം.എൽ.എ തീരദേശ പാത നിർമണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തീരദേശ പാത നിർമാണവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. നിർമാണ സ്ഥലത്ത് പഞ്ചായത്തുകൾക്ക് പദ്ധതി നടപ്പാക്കുന്നതും ജനങ്ങൾക്ക് വീടു വെക്കുന്ന പ്രവർത്തികളും ഉൾപ്പെടുന്നതിനാൽ അലൈൻമെന്റ് എത്രയും പെട്ടെന്ന് നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
തീരദേശ പാത നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാര തുക നൽകുമെന്ന് എം.എൽ.എ അറിയിച്ചു. ഭൂമി നഷ്ടപ്പെടുന്നവരുമായും വ്യാപാര സ്ഥാപന ഉടമകളുമായും പഞ്ചായത്തടിസ്ഥാനത്തിൽ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചാവക്കാട് നഗരസഭ വൈസ് പ്രസിഡന്റ് കെ.കെ. മുബാറക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, പഞ്ചായത്ത് പ്രസിഡന്റുമാരായ സുശീല സോമൻ, ജാസ്മിൻ ഷഹീർ, ഹസീന താജുദ്ദീൻ, പുന്നയൂർ വൈസ് പ്രസിഡന്റ് സലീന നാസർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, തഹസിൽദാർ ടി.കെ. ഷാജി, ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണു തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂർ മണ്ഡലത്തിൽ തീരദേശ പാത നിർമാണം 25 കി. മീറ്റർ
ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ തീരദേശ പാത നിർമാണം നടക്കുക ഏങ്ങണ്ടിയൂർ മുതൽ കാപ്പിരിക്കാട് വരെ 25 കിലോ മീറ്ററിൽ. 16.7 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതയിൽ സൈക്കിൾ ട്രാക്ക്, ബസ് വേ, ടെയ്ക്ക് എ ബ്രേക്ക്, ട്രക്ക് പാർക്കിങ് എന്നിവയുണ്ട്.
നിയോജക മണ്ഡലത്തിൽ കടപ്പുറം അഞ്ചങ്ങാടി ജങ്ഷൻ, തൊട്ടാപ്പ് ബദർ പള്ളി, ബ്ലാങ്ങാട് ബീച്ച് പാർക്ക്, കോട്ടപ്പുറം ബീച്ച്, പഞ്ചവടി ബീച്ച്, അണ്ടത്തോട് തങ്ങൾപ്പടി ബീച്ച് എന്നിവിടങ്ങളിലാണ് ബസ് വേ നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്. ഇത് കൂടാതെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനും തങ്ങൾപ്പടി ബീച്ചിൽ ട്രക്ക് പാർക്കിങ്ങിനുള്ള സൗകര്യവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.