ബസിൽനിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്
text_fieldsചാവക്കാട്: ദേശീയപാതയിൽ ബസിൽനിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിൽനിന്ന് ഗുരുവായൂരിലേക്കുള്ള ബസുകൾ ഓട്ടം നിർത്തിയത് കലക്ടറുടെ ഇടപെടലിൽ പിൻവലിച്ചു. ദേശീയപാത ചാവക്കാട്, ഒരുമനയൂർ മേഖലയിലാണ് കുണ്ടും കുഴികളും ചളിയും നിറഞ്ഞ് ഗതാഗതം ദുരിതമായത്.
കൊടുങ്ങല്ലൂർ- ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന എസ്.എൻ ട്രാൻസ്പോർട്ട് ബസ് കണ്ടക്ടർ എടമുട്ടം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.40നാണ് സംഭവം. സ്റ്റോപ്പിൽ നിർത്താനുള്ള ശ്രമത്തിനിടെ റോഡിലെ കുഴിയിൽ ചാടിയതാണ് അപകട കാരണം.
ഡോർ തുറക്കുമ്പോഴേക്കും ബസ് കുഴിയിൽ ചാടിയതോടെ നിന്നു. ഇതോടെ കണ്ടക്ടർ സുധീഷിന്റെ പിടിത്തംവിട്ട് തെറിച്ചുവീഴുകയായിരുന്നു. കൊടുങ്ങല്ലൂരിൽനിന്ന് ഗുരുവായൂരിലേക്ക് വരുന്നതിനിടെ ഒറ്റത്തെങ്ങിൽ ആളെ ഇറക്കാൻ നിർത്തുമ്പോഴാണ് ബസ് കുഴിയിൽ ചാടിയത്.
പരിക്കേറ്റ സുധീഷ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലക്ക് മുന്നിലും മുന്നിലും ശരീരത്തിലും പരിക്കുണ്ട്. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാരും തൊഴിലാളികളും പ്രതിഷേധിച്ചത്. തുടർന്ന് റോഡിലെ കുണ്ടും കുഴികളും ചൊവ്വാഴ്ച രാത്രി തന്നെ അടക്കാമെന്ന് കലക്ടർ ഉറപ്പുനൽകി.
ഈ ഉറപ്പിൽ നിർത്തിവെച്ച ഓട്ടം പുനഃസ്ഥാപിച്ചു. ബസ് ഉടമ സംഘടന പ്രതിനിധികളായ കെ.കെ. സേതുമാധവൻ, നൗഷാദ് ആറ്റുപുറത്ത്, ബി.എം.എസ് ബസ് തൊഴിലാളി യൂനിയൻ ജില്ല നേതാക്കളായ കെ. അനീഷ്, ശ്രീവാസ് എന്നിവരുമായാണ് കലക്ടർ ചർച്ച നടത്തിയത്. ബുധനാഴ്ച ഉച്ചക്ക് 12ന് വീണ്ടും യോഗം ചേരും. റോഡ് തകരാറുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ അപ്പോൾ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.