അപകട മുന്നറിയിപ്പിന് പുല്ലുവില; മുനക്കകടവ് പുലിമുട്ടിൽ സന്ദർശകർ
text_fieldsചാവക്കാട്: അപകട മുന്നറിയിപ്പ് അവഗണിച്ച് മുനക്കകടവ് പുലിമുട്ടിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവരുടെ സന്ദർശക പ്രവാഹം. കടലാക്രമണങ്ങളിൽ തകർന്ന പുലിമുട്ടിലേക്ക് പോകരുതെന്ന് മുനക്കക്കടവ് പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. നേരത്തെയുണ്ടായിരുന്ന മുന്നറിയിപ്പ് ബോർഡ് കാലപ്പഴക്കത്താൽ നശിച്ചതിനാൽ പുതിയ ബോർഡ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.
കരയിൽനിന്ന് 500 മീറ്ററോളം കടലിലേക്ക് നീണ്ട് കിടക്കുന്ന പുലിമുട്ടിന്റെ അവസാന അറ്റം വരെ പല ഭാഗത്തും കല്ലിളകി തകർന്നിരിക്കുകയാണ്. സന്ദർശകർ ഇതൊന്നുമറിയാതെ സെൽഫിയെടുത്ത് ആഘോഷിക്കുകയാണ്. ദിനംപ്രതി നിരവധി സന്ദർശകരാണ് മുനക്കകടവ് അഴിമുഖത്ത് കടൽ കാണാൻ എത്തുന്നത്.
അപകടകരമായ രീതിയിൽ സെൽഫിയെടുക്കുന്നതും, കടലിലേക്കിറങ്ങുന്നതും ഇവിടെ പതിവാണ്. പലരും രാത്രി വളരെ വൈകിയാണ് തിരിച്ച് പോകുന്നത്. മുമ്പ് അഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ കുന്ദംകുളം സ്വദേശികളായ അഞ്ച് പേരാണ് തിരമാലയിൽപ്പെട്ട് മുങ്ങിമരിച്ചത്. അവരിൽ രണ്ട് പേരെ ഇനിയും ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് ചാവക്കാട് പൊലീസ് പുലിമുട്ടിലേക്ക് പ്രവേശിക്കുന്നിടത്ത് തന്നെ അപകട മുന്നറിയിപ്പ് ബോർഡ് വെച്ചത്. ആ ബോർഡ് തകർന്നിട്ട് കാലം കുറെയായി. പുലിമുട്ടിലേക്ക് കയറുന്നതും, കടലിലേക്ക് ഇറങ്ങുത് അപകടമാണ് എന്ന് മുന്നറിയിപ്പ് നൽകുന്ന നാട്ടുകാരുടേയും മത്സ്യതൊഴിലാളികളുടേയും വാക്കുകൾ സന്ദർശകർ അനുസരിക്കാറില്ല. പുലിമുട്ടിൽ കമ്പിവേലി കെട്ടി സന്ദർശകരെ നിരോധിക്കണമെന്നും വൈകുന്നേരങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ചാവക്കാട് പൊലീസും മുനക്കകടവ് തീര പൊലീസും പുലിമുട്ടിലെ അപകടമേഖല സന്ദർശിച്ചു. ചാവക്കാട് സി.ഐ വി.വി. വിമൽ, മുനക്കകടവ് എസ്.ഐ ലോഫി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസെത്തിയത്. പ്രദേശത്തെ അപകട സാധ്യതകൾ പഞ്ചായത്ത് അംഗം സമീറ ഷരീഫ്, പൊതുപ്രവാർത്തകരായ കെ.വി. അഷ്റഫ്, പി.എം. ബീരു എന്നിവർ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. മുന്നറിയിപ്പ് ബോർഡ് വെച്ചതിനുശേഷവും പുലി മുട്ടിലേക്ക് സന്ദർശിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ചാവക്കാട് സി.ഐ വി.വി. വിമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.