ഫ്ലോട്ടിങ് ബ്രിഡ്ജ്: ബീച്ച് വികസനം അട്ടിമറിക്കാന്‍ അനുവദിക്കില്ല’
text_fieldsചാവക്കാട്: വിവാദങ്ങള്‍കൊണ്ട് ബീച്ചിന്റെ വികസനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ബീച്ച് വികസനം തുടരുക തന്നെ ചെയ്യുമെന്നും എം.എൽ.എ ഓഫിസ്. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് എന്ന അവകാശവാദത്തോടെ എം.എൽ.എയുടെ ശ്രമഫലമായി കൊണ്ടുവന്ന സംരംഭത്തെ സര്‍ക്കാര്‍ നേട്ടമായി കാണാനാവില്ലെന്നും പൂര്‍ണമായും സ്വകാര്യ വ്യക്തികളാണ് ഇതിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നതെന്നും വിമർശിച്ച് യു.ഡി.എഫ് രംഗത്ത് വന്നതായി വ്യാഴാഴ്ച മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിനോട് പ്രതികരിച്ചാണ് എം.എൽ.എ ഓഫിസ് വാർത്താകുറിപ്പ് പുറത്തുവിട്ടത്.
പ്രതികരണത്തിന്റെ വിശദ രൂപം: ചാവക്കാട് ബീച്ചിന്റെ വികസനം യു.ഡി.എഫിനെ വിറളി പിടിപ്പിക്കുകയാണ്. തികച്ചും വിലകുറഞ്ഞതും പരിഹാസ്യരാക്കുന്നതുമായ ആരോപണവുമായാണ് യു.ഡി.എഫ് രംഗത്ത് വന്നിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ചാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ചാവക്കാട് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍ ചാവക്കാട് ബീച്ചിനായി രൂപവത്കരിച്ച, ഗുരുവായൂര്‍ എം.എല്‍.എ ചെയര്‍മാനും ചാവക്കാട് നഗരസഭ ചെയര്പേഴ്സൻ വൈസ് ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായിട്ടുള്ള ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് (ഡി.എം.സി) ചാവക്കാട് ബീച്ച് വികസ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്നതാണ് സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ബി.ഒ.ടി പദ്ധതിയും പി.പി.പി പദ്ധതിയും.
സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെ യു.ഡി.എഫുകാര്‍ തന്നെ വിമര്‍ശിക്കുന്നത് അവരെ പരിഹാസ്യരാക്കുകയാണ്.
സുരക്ഷ ഉറപ്പാക്കാൻ കലക്ടറുടെ നിര്‍ദേശം
ചാവക്കാട്: ബീച്ചില്‍ പുതുതായി നിർമിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഉപയോഗിക്കുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ല കലക്ടര്‍ വി.ആര്. കൃഷ്ണ തേജ ചാവക്കാട് നഗരസഭ സെക്രട്ടറിക്ക് നിർദേശം നല്കി.
ഫ്ലോട്ടിങ് ബ്രിഡ്ജ് എല്ലാ സുരക്ഷ ക്രമീകരണങ്ങളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്നും അവര്‍ കൃത്യമായ ഇടവേളകളില്‍ അക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ കലക്ടര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.