ഫ്ലോട്ടിങ് ബ്രിഡ്ജ്; ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം
text_fieldsചാവക്കാട്: ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് കലക്ടർ നൽകിയ കത്ത് നഗരസഭ കൗൺസിലിൽ ചർച്ച ചെയ്തപ്പോഴാണ് ബഹളത്തിലായത്.
ഫ്ലോട്ടിങ് ബ്രിഡ്ജ് മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരാതി ലഭിച്ചതിനാൽ എല്ലാ സുരക്ഷ ക്രമീകരണങ്ങളോടും കൂടിയാണ് പ്രവർത്തിക്കുന്നതെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണമെന്ന് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മതിയായ സുരക്ഷയില്ലാതെ പ്രവർത്തിക്കുകയും വേലിയേറ്റം ഉണ്ടായപ്പോൾ ബ്രിഡ്ജ് തകർന്നു പോയതും കാലാവസ്ഥാ വ്യതിയാന പഠനം നടത്താതെ പ്രവർത്തിപ്പിക്കാൻ അനുമതികൊടുത്തതും തെറ്റാണെന്ന് കോൺഗ്രസ് അംഗം കെ.വി. സത്താർ പറഞ്ഞു.
നിലവിൽ ഡി.എം.സി കമ്മിറ്റിയിലെ അംഗം കൂടിയായ ചെയർപേഴ്സൻ അടക്കമുള്ളവർ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും ബ്രിഡ്ജിന്റെ അപാകതകൾ പരിഹരിക്കുന്നതിന് കലക്ടർ മുമ്പ് തന്ന കത്ത് മറച്ചുവയ്ക്കുകയും വേലിയേറ്റ സമയത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നപ്പോൾ അത് അവർ ഊരി മാറ്റിയതാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് നഗരസഭയാണെന്നും സ്വകാര്യ വ്യക്തികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത് നഗരസഭ ചെയർപേഴ്സൻ അടക്കമുള്ള കമ്മിറ്റിയാണെന്ന് മറന്നു പോകരുതെന്നും സത്താർ പറഞ്ഞു. എന്നാൽ, സത്താർ അനാവശ്യ ആരോപണങ്ങൾ നടത്തുകയാണെന്ന് ആരോപിച്ച് ഭരണപക്ഷ അംഗങ്ങൾ രംഗത്തുവന്നതോടെ യോഗം ബഹളത്തിലായി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് യു.ഡി.എഫ് അംഗങ്ങൾ പറയുന്നതെന്നും എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതെന്നും വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് പറഞ്ഞു.
ടൂറിസത്തെ പൊളിക്കാനായി ലോബി പ്രവർത്തിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ടെന്നും ആ ലോബിയെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അവിടെ യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്നും ബീച്ച് ടൂറിസം ഡി.എം.സി യുടെ നിയന്ത്രണത്തിലാണെന്നും നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. ഡി.എം.സി അംഗം കൂടിയാണ് താനെന്നും എന്നാൽ അതിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ തീരുമാനിക്കാനുള്ള മാർഗനിർദേശങ്ങൾ നഗരസഭക്ക് ലഭിച്ചിട്ടില്ലെന്നും അതിനാൽ നഗരസഭ തലത്തിൽ കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരം സാങ്കേതിക പരിജ്ഞാനമുള്ളവരുടെ ഒരു ടെക്നിക്കൽ കമ്മിറ്റി ജില്ലതലത്തിൽ രൂപവത്കരിക്കുന്നതാണ് ഉചിതമെന്നും ചെയർപേഴ്സൻ പറഞ്ഞു.
മറ്റ് ആരോപണങ്ങൾ രാഷ്ട്രീയ വിരോധം മാത്രമാണെന്നും ഇത് ടൂറിസം മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും ഷീജ പ്രശാന്ത് പറഞ്ഞു.കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, പി.എസ്. അബ്ദുൽ റഷീദ്, പി.കെ. രാധാകൃഷ്ണൻ, ഷാഹിന സലീം, അസ്മത്തലി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.