ദേശീയപാത വികസനം: മന്ദലാംകുന്നിൽ മേൽപാലമോ അടിപ്പാതയോ?
text_fieldsചാവക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മന്ദലാംകുന്ന് സെന്ററിൽ മേൽപാലമോ അടിപ്പാതയോ എന്നത് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിൽ വിവാദം കൊഴുക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി അവതരിപ്പിച്ച പ്രമേയമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമിക്കുന്ന മേൽപാലം മന്ദലാംകുന്ന് സെന്ററിൽ തന്നെ വരണമെന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
നിലവിൽ മന്ദലാംകുന്ന് സെന്ററിന് ഒരു കിലോമീറ്റർ തെക്ക് ബദർ പള്ളി പരിസരത്താണ് മേൽപാലം വരുന്നതെന്നും ഇത് ജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മണത്തല ബൈപാസ് തുടങ്ങുന്ന സ്ഥലത്ത് മുല്ലത്തറയിൽ മേൽപാലം നിർമിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റ് മിസ്‌രിയ മുസ്താഖലി ആവശ്യപ്പെട്ടു.
എന്നാൽ, പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നിർദേശങ്ങങ്ങളെ ഇടത് അംഗങ്ങൾ ശക്തിയായി എതിർത്തു. ഇടതുപക്ഷ അംഗങ്ങൾ എതിർക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തപ്പോൾ പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടിലൂടെ പ്രമേയം പാസാക്കുകയായിരുന്നു.
എന്നാൽ യു.ഡി.എഫ് ആരോപണത്തിനെതിരെ സി.പി.എം നേതാവും പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റുമായ ടി.വി. സുരേന്ദ്രൻ രംഗത്തെത്തി. ദേശീയപാത ബദർ പള്ളിയിൽ വരുന്നത് മേൽപാലമല്ല, അടിപ്പാതയാണെന്ന് അദ്ദേഹം വാദിക്കുന്നു.
അതിന്റെ വ്യക്തമായ രേഖ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത മന്ദലാംകുന്നിലെത്തുമ്പോൾ മേൽപാലമായി പോകുന്നതിനാൽ അടിപ്പാതയാണ് അവിടെ വേണ്ടതെന്നാണ് ബ്ലോക്ക് പഞ്ചായത്തിലെ പ്രമേയ ചർച്ചയിൽ എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. ദേശീയപാതയിൽ നിലവിൽ മേൽപാലമുണ്ടെന്നും എന്നാൽ മന്ദലാംകുന്ന് കൊച്ചന്നൂർ റോഡിന് അതിലൂടെ കടന്നുപോകാൻ കഴിയണമെന്നും സുരേന്ദ്രൻ പറഞ്ഞു. മറിച്ചുള്ളത് തെറ്റിദ്ധാരണ പരത്തലാണന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.