ആരവമുയർത്താൻ വിപണിയൊരുങ്ങി
text_fieldsചാവക്കാട്: ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിരകളുയർത്താൻ വിപണിയൊരുങ്ങി. ഫുട്ബാൾ പ്രേമികളെ ഹരം പിടിപ്പിക്കാൻ ഇഷ്ടതാരങ്ങളുടെ പോസ്റ്ററുകളും അവരുടെ പേരിെല ജഴ്സികളും വിവിധ രാഷ്ട്രങ്ങളുടെ പതാകകളും വിൽക്കുന്ന കടകൾ ഇത്തവണയും വിപണി കീഴടക്കുകയാണ്.
അർജന്റീനയുടെയും ബ്രസീലിന്റെയും ജർമനിയുടെയും പോർചുഗലിന്റെയും വർണവൈവിധ്യകളായ പതാകകളും ഫുട്ബാൾ താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സികളുമാണ് കായികപ്രേമികളുടെ ശ്രദ്ധ ആകർഷിക്കാൻ കടകളുടെ മുൻ ഭാഗം അലങ്കരിച്ചിട്ടുള്ളത്. ചാവക്കാട്ട് ആരാധകർ ഏറെയുള്ള ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ഡ സിൽവ എന്നിവരുടെ ജീവസ്സുറ്റ പോസ്റ്ററുകളുമുണ്ട്.
ലോകം മുഴുവൻ ഒരു ഫുട്ബാളിലേക്ക് കണ്ണുകളാഴ്ത്താൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ചാവക്കാടിന്റെ മുക്കും മൂലയും രാഷ്ട്രീയ ജാതിമത വേർതിരിവുകളില്ലാതെ ഇഷ്ടകളിക്കാരുടെ നാടിന്റെ പതാകകളും അതിന്റെ നിറത്തിലുള്ള തോരണങ്ങളുമായി രാവുകളെ പകലാക്കി ഉറങ്ങാതെ ഫുട്ബാൾപ്രേമികളും കാത്തിരിക്കുകയാണ്.
അർജന്റീന, ബ്രസീൽ പതാകകൾക്കും ജഴ്സികൾക്കുമാണ് വൻ ഡിമാൻഡെന്നാണ് ഓരോ സീസണിലും വേൾഡ് കപ്പ് കോർണർ എന്ന പേരുമായി വിപണിയിലെത്തുന്ന ചാവക്കാട്ടെ ചക്കാല സ്റ്റോഴ്സ് ഉടമ ഹുസൈന്റെ അഭിപ്രായം. 15 മുതൽ 250 രൂപയാണ് വിവിധ വലുപ്പത്തിലുള്ള കൊടികൾക്ക്. ബ്രസീലിന്റെ ജഴ്സികൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. അർജന്റീനയും ബ്രസീലും കഴിഞ്ഞാൽ പോർചുഗലിന്റെ ആരാധകരാണ് കൂടുതലെത്തുന്നതെന്നും ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.