ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം - ടി. മുഹമ്മദ് വേളം
text_fieldsചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം സംഘടിപ്പിച്ച 'ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾക്കിടയിൽ ചിലരിലെങ്കിലും താൻ ആണാണോ പെണ്ണാണോ എന്ന ആശങ്കയുണ്ടാക്കും. ഇതിനു പകരം ജെൻഡർ സ്വത്വബോധമുണ്ടാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അപകടകരമായ അനന്തര ഫലങ്ങൾ സൃഷ്ടിക്കും. കുടുംബ സംവിധാനത്തിന്റെയും മൂല്യവത്തായ സംസ്കാരത്തിന്റെയും അടിവേര് അറുത്തു കളയുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. സമൂഹം ആൺ പെൺ വിവേചിച്ചിട്ടുള്ളതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണത്. വസ്തുതാപരമല്ലാത്ത കാര്യമാണ് ജെൻഡർ രാഷട്രീയം മുന്നോട്ടു വെക്കുന്നത്. തോന്നലിന്റെ അടിസ്ഥാനത്തിലല്ല ആണും പെണ്ണും ഉണ്ടാകേണ്ടത്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ പലതരം ലൈംഗിക ആക്രമണങ്ങൾക്ക് കാരണമാകുകയും ചെയ്യും -അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം കേരള പ്രസിഡൻറ് പി.വി. റഹ്മാബി അധ്യക്ഷത വഹിച്ചു. ലിബറലിസത്തിൻറെ ഭാഗമായി ഉയർന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയമെന്ന് അവർ പറഞ്ഞു. ഇത് നടപ്പാക്കിയാൽ മത മൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടു പോകുന്ന തലമുറ രൂപമെടുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
വനിത വിഭാഗം സംസ്ഥാന സമിതിയംഗം സി.വി. ജമീല വിഷയം അവതരിപ്പിച്ചു. എം.ജി.എം. സംസ്ഥാന പ്രസിഡൻറ് സൽമ അൻവാരിയ്യ, വിങ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ഫരീദ അൻസാരി, ജി.ഐ.ഒ കേരള സെക്രട്ടറി കെ. ശിഫാന, വനിത വിഭാഗം കേരള ജനറൽ സെക്രട്ടറി പി. റുക്സാന എന്നിവർ സംസാരിച്ചു.
മെഡിക്കൽ എൻട്രൻസിൽ മികച്ച നേട്ടം കൈവരിച്ച ഫാത്തിമ അഫ്രിനേയും 'പ്രതിഭയാണ് ആയിശ പ്രചോദനവും' എന്ന വിഷയത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഉയർന്ന മാർക്ക് നേടിയ എം.എ. ഹബ്ഷി, സി.എസ്. അൽദിയ, കെ.എം. ഹംന മറിയം, സാജിദ ഉമ്മർ, താഹിറ ഇസ്മാഈൽ എന്നിവരെയും ആദരിച്ചു. ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി പങ്കെടുത്തു. ആയിഷ പി. ഇസ്മായിൽ പ്രാർത്ഥന നടത്തി. വനിത വിഭാഗം കേരള വൈസ് പ്രസിഡൻറ് ഖദീജ റഹ്മാൻ സ്വാഗതവും ജില്ല പ്രസിഡൻറ് പി.സി. ഉമ്മുകുൽസും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.