തോരാമഴ; ദേശീയപാതയിൽ വെള്ളക്കെട്ടും കുഴികളും; യാത്ര ദുരിതമായി
text_fieldsചാവക്കാട്: കോടികൾ ചെലവിട്ട് നവീകരിക്കുന്ന ദേശീയപാതയിൽ വെള്ളക്കെട്ടും വൻ കുഴികളുമായി നാട്ടുകാർ ദുരിതത്തിൽ. ചാവക്കാട്-ചേറ്റുവ ദേശീയപാതയിൽ തെക്കേ ബൈപ്പാസ് മുതൽ ഒരുമനയൂർ വില്യംസ് വരെയുള്ള ഭാഗങ്ങളിലാണ് കുണ്ടുകളും കുഴികളുമായി തകർന്നത്. തുടർച്ചയായ മഴ പെയ്തതോടെ തെക്കേ ബൈപ്പാസ് മുതൽ വെള്ളക്കെട്ടുമുയർന്ന് തിരക്കേറിയ റോഡിൽ വാഹന ഗതാഗതവും ദൃഷ്ക്കരമായി.
പഴയ ദർശന തിയേറ്ററിനു സമീപം റോഡ് മധ്യത്തിലുയർന്ന കുഴിയിൽ നിരവധി ഇരുചക്രവാഹനങ്ങൾ പലർക്കും പരിക്കുപറ്റി. പൊതുപ്രവർത്തകനായ കെ.വി. ഷിഹാബിന്റെ ഇടപെടലിനെ തുടർന്ന് ചാവക്കാട് പൊലീസെത്തി താൽക്കാലികമായി കുഴിയടപ്പിച്ചു. അതുവഴി പോയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കുഴിയടച്ചത്. റോഡരികിലെ കാനകൾ മണ്ണു മൂടിയതിനാലാണ് വെള്ളക്കെട്ട് ഉയരാൻ കാരണം. നഗരത്തിൽ പലഭാഗത്തും വെള്ളക്കെട്ടുയർന്നു.
തൃശൂർ: ജില്ലയില്‍ തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴ ചൊവ്വാഴ്ച രാത്രിയിലും ശക്തമായി തുടരുന്നു. ഇരിങ്ങാലക്കുടയിൽ വിദ്യാർഥി മുങ്ങി മരിച്ചു. തൃശൂർ നഗരത്തിലും പുത്തൂരുമടക്കം വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. എടത്തിരുത്തി, ചാവക്കാട് നഗരസഭ, എടവിലങ്ങ്, മേത്തല, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിൽ മരം വീണും മഴയിലും വീടുകൾക്ക് കേടുപാടുകൾ പറ്റി.
തീരദേശ മലയോര മേഖലകളിലുള്‍പ്പടെ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇരിങ്ങാലക്കുട പൂമംഗലം അരിപ്പാലത്ത് മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണ് പടിയൂർ വളവനങ്ങാടി കൊലുമാപറമ്പിൽ വീട്ടിൽ വെറോണി (20) ആണ് മരിച്ചത്.
തൃശൂരിൽ-ഷൊർണൂർ റോഡിൽ പെരിങ്ങാവിലാണ് കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീണത്. നൂറുവർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മരം ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് വീണത്. തൈക്കാട്ടിൽ ആട്ടോക്കാരന് ഫ്രാന്‍സിസിന്റെ പറമ്പിലെ പെരിങ്ങാവിൽനിന്നും ചേറൂരിലേക്കുള്ള വഴിയിലേക്കാണ് മരം വീണത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. വൈദ്യുതിക്കാലുകളും ലൈനുകളും വീണ് വീടിന്റെ മതിൽ തകർന്നു.
കോലോത്തുംപാടത്തും പാട്ടുരായ്ക്കലിലും പെരിങ്ങാവിലും വെളുപ്പിന് മുതല്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പുലർച്ചെയായതിനാൽ ഈ വഴിയിൽ വാഹനങ്ങളോ, കാൽനടയാത്രികരോ ഉണ്ടായിരുന്നില്ല. വീട്ടുകാർ വിദേശത്താണ്. അതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. വിയ്യൂർ കെ.എസ്.ഇ.ബി അധികൃതരും ഫയർഫോഴ്സും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. തൃശൂർ ടൗൺഹാൾ കോമ്പൗണ്ടിലുണ്ടായിരുന്ന മരം ബസ്സ്റ്റോപ്പിലേക്ക് മറിഞ്ഞുവീണ് ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു.
പുത്തൂർ ചെമ്പംകണ്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണു. യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാലക്കുടിയിൽ കാട്ടാനയാണ് മരം കടപുഴക്കിയിട്ടത്. എടത്തിരുത്തിയിൽ തട്ടാരപുരയ്ക്കൽ തുപ്രന്റെ ഭാര്യ കണ്ണമ്മയുടെ വീടിന്റെ അടുക്കള വശത്ത് പുറത്തുള്ള സിമന്റ് തൂണ് മഴയിൽ തകർന്നു വീണു,
ചാവക്കാട് നഗരസഭ വാർഡ് ഒന്നിൽ കറുപ്പം വീട്ടിൽ റുഖിയയുടെ വീടിന് മുകളിലേക്ക് തെങ്ങുവീണ് തകർന്നു. എടവിലങ്ങ് വില്ലേജിൽ മഠത്തിൽ പറമ്പിൽ അപ്പുവിന്റെ ഭാര്യ നന്ദിനിയുടെ വീട് പ്രകൃതിക്ഷോഭത്തിൽ ഭാഗികമായി തകർന്ന് നാശനഷ്ടം സംഭവിച്ചു. മേത്തല വാർഡ് 39ൽ മനയത്ത് രത്നകുമാറിന്റെ ഓടിട്ട വീടിന് മുകളിൽ തെങ്ങുവീണ് വീട് തകർന്നു.
ചെന്ത്രാപ്പിന്നിയിൽ പനക്കൽ വേലായുധന്റെ മകൻ ഷനിലിന്റെ ടെറസ് വീടിന് മേൽ തൊട്ടടുത്ത പുരയിടത്തിലെ തെങ്ങുവീണ് വീടിന് കേടുപറ്റി. ഒരിടത്തും ആളുകൾക്ക് അപകടമുണ്ടായില്ല. ഗുരുവായൂർ ബ്രഹ്മകുളം റെയിൽവേ ഗേറ്റിന് സമീപം മരക്കൊമ്പ് ഒടിഞ്ഞ് ലോട്ടറി വിൽക്കുകയായിരുന്ന ബ്രഹ്മകുളം കരിക്കന്ത്ര വീട്ടിൽ ഗോപിയുടെ (72) ഷോൾഡറിൽ വീണ് പരിക്കേറ്റു.
ഗോപിയെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ സെന്റ് ജോസഫ് ചൂണ്ടൽ ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കാകാന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കലക്ട്രേറ്റില്‍ കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങില്‍ ബന്ധപ്പെടാനായി രണ്ട് നമ്പറുംകളും കൺട്രോൾ റൂമില്‍ സജ്ജമാണ്.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാൻ
ജില്ല കൺട്രോൾ റൂം നമ്പർ: 0487-2362424, 9447074424
തൃശൂർ താലൂക്ക്- 0487-2331443
തലപ്പിള്ളി താലൂക്ക്-04884-232226
മുകുന്ദപുരം താലൂക്ക്-0480-2825259
ചാവക്കാട് താലൂക്ക്-0487-2507350
കൊടുങ്ങല്ലൂർ താലൂക്ക്-0480-2802336
ചാലക്കുടി താലൂക്ക്-0480-2705800
കുന്നംകുളം താലൂക്ക്-04885-225200, 225700
പൊലീസ് കൺട്രോൾ റൂം- (തൃശൂർ)-0487-2424111
പൊലീസ് കൺട്രോൾ റൂം- (കൊടുങ്ങല്ലൂർ)-0480-2800622
കെ.എസ്.ഇ.ബി-9496010101
ഫിഷറീസ് കൺട്രോൾ റൂം-0480-2996090
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.