കനോലി കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി
text_fieldsചാവക്കാട്: കനോലി കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. തീരദേശവാസികൾ ദുരിതത്തിൽ. കടപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള ഷട്ടർ തുറന്നതിനാൽ ചളിവെള്ളവും ഉപ്പുവെള്ളവും കയറി വെള്ളത്തിലെ ഓക്സിജൻ നഷ്ടപ്പെട്ടതാണ് മത്സ്യങ്ങൾ ചാകാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം. നാല് കിലോമീറ്റർ ദൂരത്തിൽ കായൽ നിറയെ മത്സ്യങ്ങൾ ചത്തുപൊങ്ങിക്കിടക്കുകയാണ്.
ചീഞ്ഞുനാറിയ മത്സ്യങ്ങളുടെ ദുർഗന്ധംമൂലം പരിസരവാസികൾ ദുരിതത്തിലായി. മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയത് ഉൾനാടൻ മത്സ്യത്തൊഴിലാളികളെ പ്രയാസത്തിലാക്കി. വലിയ കരിമീനുകളടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. പ്രദേശത്ത് കായൽ ടൂറിസം നടത്തുന്ന സ്വകാര്യവ്യക്തിക്ക് വേണ്ടിയാണ് പഞ്ചായത്ത് അധികൃതർ ഇടക്കിടെ ഷട്ടർ ഉയർത്തുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
വിഷയത്തിൽ കുറ്റക്കാരായവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് അൻമോൽ മോത്തി ആവശ്യപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും മോത്തി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.