വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണവും വ്യാപാരവും പൊളിച്ചുനീക്കിയില്ല
text_fieldsചാവക്കാട്: ചാവക്കാട് മഹല്ല് ജമാഅത്ത് വക വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണവും വ്യാപാരവും ഒഴിവാക്കാൻ ചാവക്കാട് നഗരസഭ ഹൈകോടതിയിൽ നൽകിയ ഉറപ്പ് പാലിക്കാത്ത സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമെന്ന് പരാതിക്കാർ. അനധികൃത നിർമാണം ഉടനെ പൊളിച്ചുനീക്കുമെന്ന് നഗരസഭ. ചാവക്കാട് നഗരത്തില്‍ ബസ്സ്റ്റാന്‍ഡിന് സമീപം ഏനാമാവ് റോഡിലെ 97 സെന്റ് വഖഫ് ഭൂമിയിലാണ് അനധികൃത നിര്‍മാണവും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുള്ളത്. കഴിഞ്ഞ 17ന് ഇതിന്റെ കേസ് ഹൈകോടതിയില്‍ വിചാരണക്ക് എത്തിയപ്പോൾ അടുത്ത 10 ദിവസത്തിനകം വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കാമെന്ന് നഗരസഭക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഹൈകോടതി ജസ്റ്റിസ് കെ. ബാബു മുമ്പാകെ ബോധിപ്പിച്ചിരുന്നു.
എന്നാൽ, 10 ദിവസം കഴിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ വാക്ക് പാലിച്ചില്ല. അതിനാൽ, നഗരസഭ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കാളിയത്ത് അഷ്റഫ്, സെക്രട്ടറി ഷരീഫ് ഹാജി എന്നിവര്‍ അറിയിച്ചു. വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ചാവക്കാട് മഹല്ല് കമ്മിറ്റിക്കു വേണ്ടി പരാതിക്കാര്‍ ഹൈകോടതിയില്‍ പോയത്.
അതേസമയം, ഹൈകോടതി ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് രജിസ്ട്രേഡ് തപാലായി നഗരസഭയിൽ ലഭിച്ചതെന്നും അടുത്തദിവസംതന്നെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. ഓണാവധിക്കുശേഷമാണ് കേസ് വീണ്ടും കേള്‍ക്കാനായി മാറ്റിവെച്ചിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വഖഫ് സ്വത്താണെന്ന വഖഫ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ നിലവില്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന സ്വകാര്യവ്യക്തി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിന്റെ വിധി വന്നിട്ടില്ല.
ഈ സ്ഥലത്ത് നഗരസഭയുടെ കെട്ടിട നമ്പറുകളില്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാറിന് ലഭിക്കേണ്ട നികുതി നൽകാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഈ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ കെ.വി. സത്താറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അന്ന് ചെയർപേഴ്സൻ ഷീജ പ്രശാന്തും നഗരസഭയെ അറിയിച്ചിരുന്നു.
ചാവക്കാട് മഹല്ല് കമ്മിറ്റിയിലെ എട്ട് ഭൂസ്വത്തുക്കൾ വഖഫ് ഭൂമിയായി 1885ലാണ് ചാവക്കാട് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത് വിട്ടുൽകിയത്.
പള്ളി കേന്ദ്രീകരിച്ച് റമദാൻ മാസം മുഴുവൻ, 27ാം രാവിൽ പ്രത്യേകിച്ചും ഭക്ഷണ ചെലവുകൾക്കും പള്ളിയിലെത്തുന്ന വഴിപോക്കർ, മിസ്കീൻ, ഫഖീർ, ദരിദ്രർ എന്നിവർക്ക് ഭക്ഷണ ചെലവുകൾക്കും മറ്റു ദാനധർമങ്ങൾക്കും വേണ്ടിയാണ് ഈ ഭൂസ്വത്തുക്കൾ രജിസ്റ്റർ ചെയ്തത്. കൂടാതെ ഈ ഭൂസ്വത്തുക്കൾ വിൽക്കാനോ പണയപ്പെടുത്താനോ പാടില്ലെന്നും അത്തരം ഘട്ടം വന്നാൽ സർക്കാർ ഏറ്റെടുത്ത് മേൽ വ്യവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ എട്ട് നമ്പർ ഭൂവസ്തുക്കളും കൈമോശം വന്നു. ഇവയുടെ മേൽനോട്ടം വഹിച്ച മുത്തവല്ലിമാർ വഴിയാണ് പിന്നീട് ഇവയുടെ കച്ചവടവും കൈമാറ്റവും വന്നത്. ഭൂമി എടുത്തവരാകട്ടെ അവയുടെ ചരിത്ര പശ്ചാത്തലമറിയാതെ കാശു കൊടുത്തു കൈവശപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു നേരെ കാര്യമായ എതിർപ്പുകളുമുണ്ടായില്ല.
വർഷങ്ങൾക്കു ശേഷം രേഖകൾ പരിശോധിച്ച പിൽക്കാല തലമുറകളിൽ പെട്ടവരാണ് ഇപ്പോൾ രണ്ടു പക്ഷത്തുമായി നിൽപുറപ്പിച്ചിട്ടുള്ളത്. അന്യാധീനമാക്കപ്പെട്ട വഖഫ് ഭൂമി തിരിച്ചുനൽകണം എന്നാവശ്യപ്പെട്ട് 1983ലാണ് വ്യവഹാരം തുടങ്ങിയത്. എ.ടി. മുഹമ്മദുണ്ണി, ആർ.വി. മജീദ്, എ.വി. ഉമ്മർ എന്നിവരാണ് വഖഫ് ബോർഡിനെ സമീപിച്ചത്. വഖഫ് ബോർഡും വഖഫ് ട്രൈബ്യൂണലും ഇവർക്ക് അനുകൂലമായാണ് വിധി കൽപിച്ചത്. ഭൂമി കൈവശമുള്ളവർ അത് വഖഫ് ആയതിനാൽ മറിച്ച് വിൽക്കാനാവാതെ താൽക്കാലികമായി വാടകക്ക് നൽകിയിരിക്കുകയാണ്. അനധികൃതമായതിനാൽ കെട്ടിടങ്ങൾക്ക് നഗരസഭ നമ്പർ നൽകിയില്ല. അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഇതോടെയാണ് പരാതിക്കാർ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.