തീരക്കടലിൽ അനധികൃത മത്സ്യബന്ധനം; ബോട്ട് പിടികൂടി
text_fieldsചാവക്കാട്: തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം മുനമ്പം സ്വദേശി ആൻറണി ജോയുടെ എലോയ് എന്ന ബോട്ടാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
മുനക്കക്കടവ് അഴിമുഖത്തിനു സമീപം അനധികൃതമായി രാത്രിയിൽ മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വലയടിക്കുകയും ചെയ്തതിനാണ് ബോട്ട് പിടികൂടിയത്. നിയമം ലംഘിച്ചതിനു 2.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ സുലേഖ പറഞ്ഞു.
ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാർബറിൽ ലേലം ചെയ്തു 3500 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി. തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശമനുസരിച്ചാണ് നടപടികൾ സ്വീകരിച്ചത്. വൈകീട്ട് ആറിനുശേഷം മത്സ്യ ബന്ധനം നിരോധിച്ചിട്ടും പൊന്നാനി, എറണാകുളം മുനമ്പം മേഖലകളിൽനിന്ന് ബോട്ടുകൾ രാത്രിയിൽ മത്സ്യബന്ധനം നടത്തുന്നത് പതിവായിരിക്കുകയാണ്.
മേഖലയിൽ കരഭാഗത്ത് വല വിരിച്ചവരുടെ വലകൾ ഇടിച്ച് ബോട്ടുകാർ പോകുന്നത് പരമ്പരാഗത വഞ്ചിക്കാർക്ക് പ്രയാസമുണ്ടാക്കുന്നെന്ന് പരാതിയുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് ഹെഡ് ഗാർഡ് വി.എൻ. പ്രശാന്ത്, സീ ഗാർഡുമാരായ ഷഫീഖ്, വിപിൻ, സ്രാങ്ക് റസാഖ്, എഞ്ചിൻ ഡ്രൈവർ ഉത്തപ്പ എന്നിവർ ചേർന്നാണ് ബോട്ട് പിടികൂടിയത്. വരും ദിവസങ്ങളിൽ രാത്രി പട്രാളിങ് ശക്തമാക്കുമെന്ന് മറൈൻ എൻഫോഴ്സ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.