നിയമവിരുദ്ധ മത്സ്യബന്ധനം തടഞ്ഞു; ഫിഷറീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം
text_fieldsചാവക്കാട്: ബ്ലാങ്ങാട് തീരക്കടലിൽ നിയമവിരുദ്ധ മത്സ്യബന്ധനം തടഞ്ഞ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നിരോധിത വലകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥരെയാണ് തടഞ്ഞും ഭീഷണിപ്പെടുത്തിയും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. വലകൾ മത്സ്യത്തൊഴിലാളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽനിന്ന് നടത്തിയ തീരദേശ പട്രോളിങ്ങിനിടെയാണ് അനധികൃത മത്സ്യബന്ധനം കണ്ടെത്തി നിയമ നടപടികൾ സ്വീകരിച്ചത്.
ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എൻ. സുലേഖയുടെ നേതൃത്വത്തിൽ നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അശ്വിൻരാജ്, മറൈൻ എൻഫോഴ്സ്മെൻറ് ഓഫിസർ വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡ്സ് മുഹമ്മദ് ഷഫീക്ക്, പ്രമോദ്, പ്രസാദ്, തീര പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോനക്കെത്തിയത്.
തീരത്തുനിന്ന് റോഡിൽ എത്തിച്ച വലകൾ കൊണ്ടുപോകാനുള്ള നീക്കം തൊഴിലാളികള്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. സര്‍ക്കാര്‍ ഉത്തരവ് പ്രായോഗികമല്ലെന്നും നിയന്ത്രണം പിന്‍വലിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. വകുപ്പ് നടപടി തുടരുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടറി ഡയറക്ടർ അനിത അറിയിച്ചു. ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധിച്ചു
ചാവക്കാട്: നിരോധിത വലകളെന്ന പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വല പിടിച്ചെടുത്തതായി ആരോപണം. ഫിഷറീസ് വകുപ്പിന്റെയും നിയമപാലകരുടെയും തീരുമാനം പ്രതിഷേധാർഹമാണന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സി. മുസ്താക്കലി പറഞ്ഞു. നിരോധനത്തിന്റെ പേരിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടിയിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലമായി മത്സ്യം കുറഞ്ഞത് മൂലം തീരദേശ മേഖല പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.