ദേശീയപാത വികസനം: ഭൂമി നഷ്ടപ്പെടുന്നവർക്ക് 'കൂനിന്മേൽ കുരു'
text_fieldsചാവക്കാട്: ദേശീയപാത വികസനത്തിെൻറ ഭാഗമായി വീടും ഭൂമിയും നഷ്ടപ്പെടുന്നവരുടെ മേൽ ഇടിത്തീ വീഴ്ത്തുന്ന സമീപനവുമായാണ് അധികൃതരുടെ പ്രവർത്തനമെന്ന് ആക്ഷേപം. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് എത്രയും വേഗം രേഖകൾ സമർപ്പിച്ച് സഹകരിക്കണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടിരുന്നു.
എല്ലാ രേഖകളും ഭൂവുടമകളിൽ ചിലർ ആറു മാസം മുേമ്പ കൊടുങ്ങല്ലൂരിൽ പോയി സമർപ്പിച്ചതാണ്. ഇപ്പോൾ അവരിൽ ചിലരോട് ഭൂമിയുടെ ആധാരത്തിൽ 'കാണം' എന്നത് മാറ്റി 'ജന്മ'മാക്കി വില്ലേജിൽനിന്ന് തിരുത്തി കൊണ്ടുവരണമെന്നാണ്. എന്നാൽ, ഇത് തിരുത്തേണ്ടത് ലാൻഡ് ൈട്രബ്യൂണിൽ നിന്നാണെന്ന് വിേല്ലജ് അധികൃതർ പറയുന്നു. ഇതിെൻറയൊക്കെ നടപടി ക്രമങ്ങൾക്ക് ഏറെ സമയവും ആവശ്യമാണ്.
ദേശീയ പാതക്കായി സർവേ നടത്തി ഭൂമിയും കെട്ടിടങ്ങളും മറ്റും നഷ്ടപ്പെടുന്നവരോട് ഭൂമിയുടെ ആധാരം, അടിയാധാരം, കൈവശ സർട്ടിഫിക്കറ്റ്, നികുതി രശീതി, അവകാശികൾ മരണപ്പെട്ട ഭൂവുടമയുടെ അവകാശ സർട്ടിഫിക്കറ്റ് എന്നിവയാണ് കൊടുങ്ങല്ലൂരിലുള്ള ദേശീയ പാത ഓഫിസിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നത്. ആദ്യം രേഖകളുടെ പകർപ്പ് ഹാജരാക്കാനായിരുന്നു നിർദേശം.
ഇപ്പോൾ അസ്സൽ ആധാരങ്ങളും മറ്റു രേഖകളുമാണ് ആവശ്യപ്പെടുന്നത്. നേരത്തെ വീടുകളിലെത്തി ആവശ്യമായ രേഖകൾ ഹാജരാക്കാൻ നൽകിയ ലിസ്റ്റിൽ കാണം ഭൂമി ജന്മാവകാശമാക്കുന്ന വിവരങ്ങൾ നൽകിയിരുന്നില്ല. ദേശീയപാത കടന്നു പോകുന്ന എടക്കഴിയൂർ, പുന്നയൂർ, കടിക്കാട് വില്ലേജുകളിലെ ഭൂമികളിൽ ഭൂരിഭാഗവും കാണമാണ്. കാണം ജന്മാവകാശമാക്കുന്ന പ്രക്രിയക്ക് ചുരുങ്ങിയത് ആറു മാസം മുതൽ ഒരുവർഷം വരെ സമയമെടുക്കുന്നുണ്ട്. മാത്രമല്ല, വില്ലേജ് ഓഫിസിൽ ആവശ്യമായ ഒറിജിനൽ ആധാരം ഹാജരാക്കി വേണം കാണം ജന്മാവകാശമാക്കുന്നതിന് രേഖകൾ ശേഖരിക്കാൻ.
പിന്നീട് തൃശൂരിലും മറ്റുമുള്ള ലാൻഡ് ൈട്രബ്യൂണൽ ഓഫിസുകൾ കയറിയിറങ്ങി അപേക്ഷ സമർപ്പിച്ച് പഴയ ഭൂ ഉടമകളെ നോട്ടീസ് അയച്ച് അവരുടെ അനുവാദത്തോടെയാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. ഭൂരിഭാഗം ഭൂ ഉടമകളും വ്യക്തികളോ മറ്റു സ്ഥാപനങ്ങളൊ ആയിരിക്കും. വ്യക്തികളാണെങ്കിൽ അവർ മരിച്ചു പോയവരാകാം. ഇവരുടെ എല്ലാം അവകാശികളോ സ്ഥാപനങ്ങളുടെ കമ്മിറ്റികളോ നോട്ടീസ് കൈപ്പറ്റി മറുപടി ലഭിച്ചതിനു ശേഷമേ കാണം ജന്മാവകാശമാവുകയുള്ളൂ.
എന്നിട്ടു വേണം പുതിയ സർട്ടിഫിക്കറ്റ് ഭൂ ഉടമക്ക് നൽകാനാവൂവെന്നാണ് ഇരകൾ പറയുന്നത്. ഇത്തരം കേസുകളിൽ നോട്ടീസ് അയച്ച് പഴയ ഭൂവുടമകളെ കണ്ടെത്താതെ നോട്ടീസ് മടങ്ങിയാൽ പിന്നീട് പത്രപരസ്യം വരെ നടത്തി വേണം പുതിയ ഭൂ ഉടമക്ക് സർട്ടിഫിക്കറ്റ് നൽകാനെന്ന് ദേശീയപാത പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസക്കുട്ടി പറയുന്നു.
കാണമെന്നത് കേവലം ആധാരത്തിലെ ഒരു പദപ്രയോഗം മാത്രമാണെന്നും നിലവിലുള്ള സാഹചര്യത്തിൽ അതിന് ഒരു പ്രസക്തിയുമില്ലെന്നുമാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും തങ്ങൾക്കും ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു. കാണത്തെ ദുർബലപ്പെടുത്തുന്ന സർക്കാർ രേഖകളും എല്ലാ സബ് രജിസ്ട്രാർ ഓഫിസിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.