കെ-ഫോണ്‍: ഗുരുവായൂരിൽ 100 കുടുംബങ്ങള്‍ക്ക് കണക്ഷന്‍
text_fieldsചാവക്കാട്: കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ-ഫോണ്‍ സൗജന്യ കണക്ഷന്‍ പദ്ധതി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ 100 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. എന്‍.കെ. അക്ബര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകള്‍ക്ക് 14 വീതവും ആറ് പഞ്ചായത്തുകള്‍ക്ക് 12 വീതവും കണക്ഷനാണ് നല്‍കുക. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ പദ്ധതിയുടെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തി.
പ്രഫഷനല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍, ഉന്നത വിദ്യാഭ്യാസ പഠനം നടത്തുന്ന വിദ്യാര്‍ഥികളുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് പദ്ധതി മുന്‍ഗണന നല്‍കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഞ്ചായത്തുതലത്തില്‍ രണ്ടുവീതവും നഗരസഭ തലത്തില്‍ മൂന്നുവീതവും കണക്ഷനുകളും നല്‍കും.
മണ്ഡലത്തിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും 30ന് മുമ്പായി പദ്ധതിയില്‍ അര്‍ഹരായവരെ കണ്ടെത്തിയ ലിസ്റ്റ് നോഡല്‍ ഓഫിസറെ ഏല്‍പിക്കണമെന്നും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.