മത്സ്യത്തൊഴിലാളികൾക്ക് ഇടിത്തീയായി മണ്ണെണ്ണ വില വർധന
text_fieldsചാവക്കാട്: കാലാവസ്ഥ വ്യതിയാനവും മത്സ്യലഭ്യതയിലെ കുറവുമെല്ലാം മൂലം പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇടിത്തീയായി മണ്ണെണ്ണ വില വർധന. ഔട്ട് ബോർഡ് എൻജിൻ (ഒ.ബി.എം) ഘടിപ്പിച്ച് മത്സ്യം പിടിക്കാൻ പോകുന്ന ഇരുപതിനായിരത്തിലേറെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കാണ് സർക്കാർ സബ്സിഡി ലഭിക്കുന്നത്. സബ്സിഡി ലഭിക്കാത്തവരും പുറത്ത് നിന്ന് മണ്ണെണ്ണ വാങ്ങുന്നവരുമായി അയ്യായിരത്തോളം പരമ്പരാഗത വള്ളക്കാരുമുണ്ട്.
കൂടാതെ 2000 ഇന്‍ബോർഡ് എൻജിൻ ഘടിപ്പിച്ച വലിയ വള്ളങ്ങളും 5000 ബോട്ടുകളും മത്സ്യം പിടിക്കുന്നുണ്ട്. ഇതിൽ ബോട്ടുകാർക്കും വലിയ എൻജിൻ ഘടിപ്പിച്ച വള്ളക്കാർക്കും മണ്ണെണ്ണ ആവശ്യമില്ല. എന്നാൽ വലിയ വള്ളങ്ങളുടെ കാരിയറായി ഉപയോഗിക്കുന്ന ചെറിയ വള്ളങ്ങൾക്ക് മണ്ണെണ്ണ ആവശ്യമാണ്. ഓരോ വള്ളങ്ങൾക്കും രണ്ട് കാരിയർ വള്ളങ്ങളുണ്ട്. 2000 വള്ളങ്ങൾക്ക് 4000 കാരിയർ വള്ളങ്ങളുണ്ടാകും.
മണ്ണെണ്ണ ലിറ്ററിന് 2.45 രൂപയുള്ളപ്പോൾ തൊഴിൽ ആരംഭിച്ചവരാണ് ഇപ്പോഴത്തെ മത്സ്യത്തൊഴിലാളികളിൽ പലരും. അവർ ഇന്ന് പൊതു വിപണിയിൽ മണ്ണെണ്ണ കിട്ടണമെങ്കിൽ ലിറ്ററിന് 124 രൂപ നൽകണം. നൂറ് ശതമാനമാണ് വർധന. മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് ഏർപ്പെടുത്തിയ മോറട്ടോറിയം കാലാവധി ജൂൺ വരെ നീട്ടിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. എന്നാൽ രണ്ട് മാസമാണ് ജൂണിലെത്താനുള്ളതെന്നത് ആശങ്കയും. മഴക്കാലത്തെയും കടൽക്ഷോഭത്തെയും കുറിച്ചും ആശങ്കയുണ്ട്.
തങ്ങളുടെ സങ്കടം കേൾക്കാൻപോലും ആരുമില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിതുമ്പൽ. മണ്ണെണ്ണയുടെ കാര്യം വിശദീകരിക്കുമ്പോൾ അധികൃതർ റേഷൻ കടയിലെ ഗുണഭോക്താക്കളെയാണ് കാണുന്നത്. എന്നാൽ ദിവസവും ബാരൽ കണക്കിന് മണ്ണെണ്ണ വാങ്ങി ഒന്നും കിട്ടാതെ തിരിച്ചു വരുന്നവരെ കുറിച്ച് അവർ ഒന്നും പറയുന്നില്ല. സംസ്ഥാനത്ത് ഔട്ട് ബോർഡ് എൻജിൻ ഉപയോഗിക്കുന്ന ഇരുപതിനായിരത്തിലധികം പരമ്പരാഗത യാനങ്ങളുണ്ട്. അവയിലെ എൺപതിനായിരത്തോളം പരമ്പരാഗത ഇടത്തരം മത്സ്യത്തൊഴിലാളികളെ മണ്ണെണ്ണ വില വർധന പ്രതിസന്ധിയിലാക്കിയിരിക്കുകയാെണന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ പറഞ്ഞു. കേന്ദ്ര-കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
സബ്സിഡി പേരിന് മാത്രം
ചാവക്കാട്: 1988-99 വർഷത്തിൽ സർക്കാർ അനുവദിച്ച മണ്ണെണ്ണ േക്വാട്ട ഒരു എച്ച്.പിക്ക് 50 ലിറ്റർ എന്ന കണക്കിലാണ്. 9.9, 15 എച്ച്.പി എൻജിനുകൾക്ക് 500, 750 ലിറ്റർ മണ്ണെണ്ണയാണ് ഈ േക്വാട്ടയനുസരിച്ച് അനുവദിച്ചത്. ഇത് പിന്നീട് കുറഞ്ഞ് റേഷൻ വിഹിതം, മത്സ്യഫെഡ് എന്നിവയിലൂടെ 170, 340 എന്നിങ്ങനെയായി കുറഞ്ഞു. റേഷൻ വിഹിതം വീണ്ടും 100 ലിറ്റർ കുറച്ച് 70 ലിറ്റർ മാത്രമാക്കി. മത്സ്യഫെഡ് അനുവദിച്ച 170 ലിറ്ററും റേഷൻ വിഹിമായ 70 ലിറ്ററുമായി മൊത്തം 240 ലിറ്റർ മണ്ണെണ്ണയാണ് ഇപ്പോൾ ഒരു മാസം പരമാവധി സർക്കാറിൽ നിന്ന് സബ്സിഡിയായി ലഭിക്കുന്നത്. ഏതാനും മാസങ്ങളായി റേഷൻ മണ്ണെണ്ണ ലഭിക്കുന്നുമില്ല. മണ്ണെണ്ണക്ക് 45 രൂപയുണ്ടായിരുന്നപ്പോൾ സർക്കാർ നൽകിയ 25 രൂപ സബ്സിഡി തന്നെയാണ് വില വർധിപ്പിച്ചിട്ടും നൽകുന്നത്. ഒരു 15 എച്ച്.പി വള്ളത്തിന് ഒരു മാസം 750 ലിറ്റർ മണ്ണെണ്ണ ഏറ്റവും ചുരുങ്ങിയത് വേണം. ഇപ്പോൾ ലഭിക്കുന്ന 240 കഴിഞ്ഞ് 510 ലിറ്റർ മണ്ണെണ്ണ കിട്ടണമെങ്കിൽ കരിഞ്ചന്തയിലേക്ക് പോകേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.