യുദ്ധപർവം താണ്ടി എത്തിയ ഷിഫക്ക് സ്നേഹചുംബനം
text_fieldsചാവക്കാട്: ഖാർകീവ് യുദ്ധഭൂമിയിൽനിന്ന് ഷിഫ ഷിറിൽ നാട്ടിലെത്തി. വി.എൻ കാരാസിൻ ഖാർകീവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ഷിഫ ഷിറിൽ. ആദ്യ ദിനം സ്ഫോടന ശബ്ദം കേട്ടാണ് ഹോസ്റ്റലിലെ എല്ലാരും ഉറക്കമുണർന്നത്. പിന്നീട് നാട്ടിലേക്കുള്ള വഴിയായി പോളണ്ട് അതിർത്തിയിലെത്തുന്നതുവരെ ആ ശബ്ദമായിരുന്നു. ഹോസ്റ്റലിനു സമീപത്ത് ഏതാനും അടികൾ മാത്രം അകലമുള്ള സ്പോർട്സ് ക്ലബ് കെട്ടിടവും ഷെല്ലാക്രമണത്തിൽ നാമാവശേഷമായി. ഭക്ഷണം കഴിക്കുന്ന മെസിന്‍റെ സമീപത്തും ഷെല്ല് വന്നു വീണു. ഇതോടെയാണ് താഴെയുള്ള ബങ്കറിലേക്ക് മാറിയത്.
ബങ്കറിൽ ആകെ സഹായത്തിനുണ്ടായിരുന്നത് മറ്റൊരു യൂനിവേഴ്സിറ്റിയിലെ സീനിയർ വിദ്യാർഥിനി ജെസ്നയായിരുന്നു. തൃശൂർ ചാലക്കുടി സ്വദേശിയായ അവർ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടെന്ന് ഷിഫ ഓർക്കുന്നു. കെയർ ടേക്കർ നാട്ടിൽ പോയതിനാൽ അദ്ദേഹം ഏർപ്പാടാക്കിയതായിരുന്നു അവരെ. ഹോസ്റ്റലിനു ലക്ഷ്യമാക്കി ഷെല്ലാക്രണം കൂടിയതോടെ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായി. ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. റെയിൽവേ സ്റ്റേഷനിലേക്ക് വാഹനത്തിലാണ് പല പ്രാവശ്യം എല്ലാവരെയുമെത്തിച്ചത്. ആൺകുട്ടികൾക്ക് ആ വാഹനത്തിൽ കയറാൻ പ്രയാസപ്പെടേണ്ടി വന്നു. മിക്കവരും 22 കിലോമീറ്റർ നടന്നാണ് യാത്ര ചെയ്തത്.
ഹംഗറി അതിർത്തിയിൽനിന്ന് ബുദപെസ്റ്റിലെത്തി. അവിടെ വിശ്രമിക്കാൻ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എന്ന് പറഞ്ഞ് ഇന്ത്യൻ എംബസിയുടെ നിർദേശം വന്നത് കേട്ട് ബസിൽ കൊണ്ടുപോയത് ഒരു ടെക്നിക്കൽ സ്കൂളിലേക്കായിരുന്നു. കിടക്കാൻ പോലും സൗകര്യമില്ലാത്ത ഒരിടം. സീനിയർ വിദ്യാർഥികളായിരുന്നു എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. കുടിക്കാൻ വെള്ളം പോലും ലഭിച്ചില്ല. കൂട്ടുകാരിൽ ഒരാളുടെ അമ്മാവൻ ഫിൻലൻഡിൽനിന്ന് എത്തിയ ശേഷമാണ് എല്ലാം ഏർപ്പാടാക്കി തന്നത്. ഞായറാഴ്ചയാണ് ഹംഗറിയിൽനിന്ന് കുവൈത്ത് വഴി മുംബൈയിലേക്കുമെത്തിയത്. അതിനു ശേഷം ഹൈദരാബാദ് വഴിയാണ് തിങ്കളാഴ്ച വൈകീട്ടോടെ നെടുമ്പാശ്ശേരിയിലെത്തിത്. ഇവിടെ സ്വീകരിക്കാൻ ഉമ്മ സാബിറയും വല്യുമ്മ സഫിയയും അനിയത്തി ഹിഫയുമുണ്ടായിരുന്നു.
അമ്മാവൻ ചാവക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ.വി. ഷാനവാസുമൊത്താണ് അവരെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇവർ വീട്ടിലെത്തിയത്. യുക്രെയ്നിലേക്ക് പോയതിനു ശേഷം നാട്ടിലേക്കുള്ള ആദ്യത്തെ വരവാണിത്. ഷിഫയുടെ അധ്യാപികയുടെ ഭർത്താവ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പിതാവ് തിരുവത്ര അതിർത്തി മുക്കിലപ്പീടികയിൽ മുസ്തഫ സൗദിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.