എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്നിലാക്കി സി.പി.എം വിമത സ്ഥാനാർഥി രണ്ടാം സ്ഥാനത്ത്
text_fieldsചാവക്കാട്: ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച എൽ.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിയെ പിന്നിലാക്കി സി.പി.എം വിമത സ്ഥാനാർഥി രണ്ടാം സ്ഥാനത്ത്. അണ്ടത്തോട് ഡിവിഷനിൽ മത്സരിച്ച എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി നജീർ മാളിയേക്കലിനേയാണ് വിമതനായി മത്സരിച്ച സി.പി.എം അംഗം ഫൈസൽ തേച്ചൻ പുരക്കൽ പിന്നിലാക്കിയത്.
ഫലം വരുന്നതിനു മുമ്പ് ഫൈസലിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കണമെന്ന സി.പി.ഐ ആവശ്യം സി.പി.എം ഗൗരവത്തിലെടുത്തിരുന്നില്ല. മാത്രമല്ല ഡിവിഷനിൽപെട്ട മന്ദലാംകുന്ന് കിണർ ഭാഗത്ത് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ഔദ്യോഗിക സ്ഥാനാർഥി നജീറും സി.പി.ഐ ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദും സി.പി.എം പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് തിരിച്ചു പോയതും വിവാദമായിരുന്നു.
ഇവിടെ മുസ്ലിം ലീഗിലെ മന്ദലാംകുന്ന് മുഹമ്മദുണ്ണി 2541 വോട്ടുകൾക്കാണ് വിജയിച്ചത്. ഫൈസലിന് 1960 വോട്ട് ലഭിച്ചപ്പോൾ നജീറിന് 817 വോട്ടും ലഭിച്ചു. 581 വോട്ടിെൻറ ഭൂരിപക്ഷമാണ് മുഹമ്മദുണ്ണിക്ക്. എൽ.ഡി.എഫ് ഒറ്റക്കെട്ടായിരുന്നെങ്കിൽ 176 വോട്ട് കൂടുതൽ നേടി എൽ.ഡി.എഫിന് വിജയിക്കാനാവുമായിരുന്നു.
13 അംഗങ്ങളുള്ള ബ്ലോക്കിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറുമാണ് ഇപ്പോഴത്തെ കക്ഷിനില. എൽ.ഡി.എഫിലെ പോരില്ലായിരുന്നെങ്കിൽ അണ്ടത്തോടുമായി ചാവക്കാട് ബ്ലോക്കും പിടിച്ചടക്കാമായിരുന്ന സാധ്യതക്കാണ് തിരിച്ചടിയായത്. മേഖലയിൽ സി.പി.എം കെട്ടിപ്പടുത്തവരിൽ പ്രമുഖനാണ് ഇവിടെ വിജയിച്ച മന്ദലാംകുന്ന് മുഹമ്മദുണ്ണി. ജില്ലയിൽ തന്നെ ആദ്യ കാല നേതാക്കളിൽ ഒരാൾ.
അന്നത്തെ 'സഖാവ് മുഹമ്മദുണ്ണി'യെന്ന പേരിലാണ് ഇപ്പോഴും അദ്ദേഹത്തെ പുതിയ തലമുറക്ക് പോലും അറിയുക. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹിയാണെങ്കിലും മത്സരിച്ച് വിജയിച്ച് ബ്ലോക്കിലെത്തുന്നത് ആദ്യമായാണ്.
പ്രസിഡൻറ് പദവി വനിത സംവരണമായ ബ്ലോക്കിൽ നാല് അംഗങ്ങളുള്ള കോൺഗ്രസിന് ആ പദവി കൊടുത്താൽ മുഹമ്മദുണ്ണിക്കുള്ളതാണ് വൈസ് പ്രസിഡൻറ് പദവി. മുഹമ്മദുണ്ണിയുടെ പരാജയം അഭിമാനമായി കണ്ട എൽ.ഡി.എഫ് ഫൈസലിനെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിപ്പിച്ചത്. പിന്നീട് സി.പി.ഐ ചിഹ്നത്തിൽ മത്സരിക്കണമെന്ന അവരുടെ ആവശ്യം ഫൈസൽ നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.