കൊടുക്കണം ഒരു സല്യൂട്ട് തൃശൂരിലെ ഈ പൊലീസുകാരിക്ക്
text_fieldsചാവക്കാട്: നഗരത്തിലെ നടപ്പാതയിലൂടെ നടക്കുമ്പോൾ യുവതിയുടെ കൈയിലെ സ്വർണ മോതിരം കോൺക്രീറ്റ് സ്ലാബുകൾക്കിടയിലൂടെ അഴുക്കുചാലിൽ വീണു.
മോതിരം പുറത്തെടുക്കാൻ സഹായിച്ച വനിത പൊലീസ് ഉദ്യോഗസ്ഥക്ക് അഭിനന്ദനപ്രവാഹം. തിരുവത്ര സ്വദേശി ഹസീനയുടെ മോതിരമാണ് ചാവക്കാട് ബൈപാസിലെ അഴുക്കുചാലിൽ വീണത്. അസുഖ ബാധിതനായ മകനെ ഡോക്ടറെ കാണിക്കാൻ പുറപ്പെട്ടതായിരുന്നു അവർ. കൈയിൽ കാശില്ലാത്തതിനാൽ മോതിരം പണയം വെക്കാനായിരുന്നു തീരുമാനം. നടപ്പാതയിലൂടെ നടക്കുന്നതിനിടെ മോതിരം താഴെ വീണ് ഉരുണ്ട് സ്ലാബുകൾക്കിടയിലൂടെ താഴേക്ക് വീണു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ച ഹസീന ഒടുവിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടുകയായിരുന്നു. സീനിയർ വനിത പൊലീസ് ഉദ്യോഗസ്ഥ സൗദാമിനി ഹസീനയോടൊപ്പം മോതിരം വീണ സ്ഥലത്തെത്തി. കോൺക്രീറ്റ് സ്ലാബുകൾ മാറ്റി വേണം മോതിരം പുറത്തെടുക്കാൻ. അതിന് വഴി അന്വേഷിക്കുന്നതിനിടെയാണ് അതുവഴി ഒരു മണ്ണുമാന്തി യന്ത്രം പോകുന്നത് കണ്ടത്. ഉടനെ സൗദാമിനി ആ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറോട് കാര്യം പറഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ലാബ് മാറ്റി മോതിരം പുറത്തെടുക്കുകയായിരുന്നു. മോതിരം തിരികെ കിട്ടിയ സന്തോഷത്തിൽ ഹസീന സൗദാമിനിയോട് നന്ദി പറഞ്ഞു. കണ്ടു നിന്ന നാട്ടുകാരും സൗദാമിനിയെ അഭിനന്ദിച്ചു. തൃശൂർ സിറ്റി പൊലീസും സമൂഹമാധ്യമത്തിലൂടെ സൗദാമിനിക്ക് അഭിനന്ദനങ്ങളറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.