തല്ലിയും തലോടിയും ഗുരുവായൂർ
text_fieldsചാവക്കാട്: തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ജില്ല ആസ്ഥാന നഗരിയായ തൃശൂർ കഴിഞ്ഞാൽ ഏറെ പ്രാമുഖ്യമുള്ള ഒന്നാണ് ക്ഷേത്ര നഗരം ഉൾപ്പെടുന്ന ഗുരുവായൂർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ടി.എൻ. പ്രതാപന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച നിയോജക മണ്ഡലം ഗുരുവായൂരാണ്; 65,150 വോട്ട്. എതിർ സ്ഥാനാർഥിയായ രാജാജി മാത്യുവിനേക്കൾ 20,455 വോട്ട് കൂടുതൽ. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയ കെ. മുരളീധരൻ അത്രയും വോട്ട് പിടിക്കുമോ എന്നതാണ് നാട്ടിലെ ചർച്ച.
ഗ്രൂപ് വഴക്കും പോരടിക്കലുമായി കലഹിച്ചുനിന്ന കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് സമയത്ത് ഒന്നിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ മെല്ലെപോക്കിൽനിന്ന് യു.ഡി.എഫ് ഫോമിലായിട്ടുണ്ട്. റമദാൻ വ്രതകാലമായതിനാൽ ചില മേഖലകളിൽ ആലസ്യമുണ്ട്. പ്രവർത്തകർ ഒന്നിച്ചുനിന്നാൽ ആര് വിചാരിച്ചാലും മുരളീധരന്റെ മുന്നേറ്റം തടയാനാവില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും. അതേസമയം, മേഖലയിൽ ശക്തമായ പ്രവർത്തനം നടത്തുന്ന എൽ.ഡി.എഫ്, എൻ.ഡി.എ എന്നിവയെ അപേക്ഷിച്ച് യു.ഡി.എഫിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് പൊതുവിലയിരുത്തൽ.
എൽ.ഡി.എഫ് ക്യമ്പ് പതിവുപോലെ ശക്തമായ പ്രവർത്തനത്തിലാണ്. മുൻമന്ത്രിയെന്ന നിലയിൽ പ്രദേശത്ത് പരിചിതനാണ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും പലതുണ്ടെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട പല ചോദ്യങ്ങൾ ഇത്തവണയില്ല. ഗുരുവായൂരിലെ റെയില്‍വേ മേല്‍പാലം നിര്‍മാണം വൈകാൻ കാരണം സംസ്ഥാന സര്‍ക്കാറിന്റെ മെല്ലെപ്പോക്കാണെന്ന് അന്ന് സി.പി.ഐ നേതാവ് സി.എൻ. ജയദേവൻ എം.പി തന്നെ തുറന്നടിച്ചത് വിവാദമായിരുന്നു. എന്നാൽ, ഇപ്പോൾ എൽ.ഡി.എഫിന് ചൂണ്ടിക്കാട്ടാൻ ഗുരുവായൂർ മേൽപാലമുണ്ട്. അതേസമയം, കടലാക്രമണം തടയാൻ കരിങ്കൽ ഭിത്തി കെട്ടുന്ന കാര്യത്തിൽ ഒന്നുമുണ്ടായില്ലെന് യു.ഡി.എഫ് പ്രചരിപ്പിക്കുന്നുണ്ട്.
1957ൽ നിയമസഭ മണ്ഡലം പുനഃസംഘടിപ്പിച്ച ശേഷം പ്രമുഖരായ പലർക്കും തല്ലും തലോടലുമേറ്റു, ഗുരുവായൂരിൽ. പ്രവചനാതീതമാണ് പലപ്പോഴും ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഗുരുവായൂർ, ചാവക്കാട് നഗരസഭകൾക്ക് പുറമെ ആറ് പഞ്ചായത്തുകളുള്ള മണ്ഡലത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ രണ്ടിടത്തൊഴികെ ആറിടത്തും എൽ.ഡി.എഫാണ് ഭരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളിൽ അവർക്ക് വലിയ വോട്ടിന്റെ മേൽക്കെയില്ല. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിന്റെ കൈയിലാണെങ്കിലും ഒരു സീറ്റിന്റെ വ്യത്യാസമേയുള്ളൂ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.കെ. അക്ബർ ജയിച്ചത് 77,072 വോട്ടിനാണ്. അന്ന് തോറ്റത് മുസ്ലിം ലീഗിന്റെ കെ.എൻ.എ. ഖാദറാണ്. 18,268 വോട്ടായിരുന്നു അക്ബറിന്റെ ഭൂരിപക്ഷം. ലോക്സഭയിലേക്ക് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി 33,967 വോട്ടാണ് പിടിച്ചത്. എന്നാൽ അക്ബർ മത്സരിച്ച കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാമനിർദേശ പത്രിക തള്ളി സ്ഥാനാർഥിയില്ലാത്ത അവസ്ഥ വരികയും ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കേണ്ടി വരികയും ചെയ്തു. പലയിടത്തും ബി.ജെ.പി വോട്ട് ചെയ്തില്ല. ദിലീപ് നായർക്ക് കിട്ടിയത് 6,294 വോട്ടാണ്. 2014ലെ ലോക്സഭ ബി.ജെ.പി സ്ഥാനാർഥി കെ.പി. ശ്രീശന് ലഭിച്ച 13936 വോട്ടും അതിന് മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നിവേദിതക്ക് ലഭിച്ച 25,490 വോട്ടും നോക്കുമ്പോൾ ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കാണാതായിട്ടുണ്ട്. അതുകൊണ്ടുതന്നെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആ വോട്ട് ലഭിച്ചത് യു.ഡി.എഫിനാണെന്ന് എൽ.ഡി.എഫ് പ്രചരിപ്പിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ മറിയുകയും മറിക്കുകയും ചെയ്യുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ പ്രവർത്തനമാണ് എൻ.ഡി.എയും സ്ഥാനാർഥി സുരേഷ് ഗോപിയും നടത്തുന്നത്. എന്നാൽ, എൻ.ഡി.എ ചില പോക്കറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിൽ മുഴുവനായി ചലനമുണ്ടാക്കാൻ സുരേഷ് ഗോപിക്കും ബി.ജെ.പിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യൻ മേഖലയിൽ ചില യുവാക്കൾ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മണിപ്പൂർ വിഷയമുൾപ്പടെ ഉയർത്തിക്കാട്ടി മറ്റ് രണ്ട് മുന്നണികൾ അവരെ പ്രതിരോധിക്കുന്നുണ്ട്.
തുടക്കത്തിൽ കോൺഗ്രസ് അനുഭാവികളുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ പ്രചാരണം. അതിനെ പ്രതിരോധിക്കാൻ എൽ.ഡി.എഫാണ് ഭവന സന്ദർശനവും കുടുംബയോഗങ്ങളും നടത്തുന്നത്. സിനിമ താരമായതിനാൽ സുരേഷ് ഗോപി ചെല്ലുന്നിടത്തൊക്കെ വലിയ ആൾക്കൂട്ടമുണ്ട്. അതൊന്നും വോട്ടാവില്ലെന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. മണ്ഡലത്തിൽ എൻ.ഡി.എയുടെ നീക്കങ്ങൾ ജാഗ്രതയോടെ വീക്ഷിച്ചാണ് എൽ.ഡി.എഫിന്റെ പ്രവർത്തനം. അത്ര ആഴത്തിലിറങ്ങാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.